മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് കാജല്‍ അഗര്‍വാള്‍. നല്ല അവസരം കിട്ടിയാല്‍ അഭിനയിക്കാനെത്തും. കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു തെന്നിന്ത്യന്‍ താരം.

തെന്നിന്ത്യയുടെ താരറാണിക്ക് കൊച്ചിയിലെ ചലച്ചിത്ര പ്രേമികള്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്. തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്ത കാജല്‍ അഗര്‍വാള്‍ മലയാള സിനിമയോടുള്ള ഇഷ്ടം മറച്ചുവച്ചില്ല. മികച്ച അഭിനേതാക്കളെകൊണ്ടും പ്രമേയം കൊണ്ടുമെല്ലാം സമ്പന്നമാണ് മലയാള സിനിമ. അവസരം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നും കാ‍‍ജല്‍ അഗര്‍വാള്‍ പറ‍ഞ്ഞു. 

മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഇഷ്ടപ്പെട്ട അഭിനേതാക്കളെന്നും താരം പറഞ്ഞു. തമിഴിലും തെലുങ്കിലുമായി വിവിധ സിനിമകളുടെ തിരക്കിനിടെയാണ് കൊച്ചിയിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കാജല്‍ അഗര്‍വാള്‍ എത്തിയത്. തമിഴ് ചിത്രമായ പാരിസ് പാരിസാണ് കാജലിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.