മലയാള സിനിമാ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ കേരള വർമ പഴശ്ശിരാജ എന്ന ചിത്രത്തെയും മമ്മൂട്ടിയെയും അഭിനന്ദിച്ച്  ബ്രിട്ടീഷ് എംപി മാര്‍ട്ടിന്‍ ഡേ. പഴശ്ശിരാജ തന്നെ ആവേശഭരിതനാക്കിയെന്ന് മാര്‍ട്ടിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വാതന്ത്രസമര പോരാളി വില്യം വാലേസിന്‍റെ ജീവിതവുമായി പഴശ്ശിയുടെ ജീവിതത്തിന് ഏറെ സാമ്യമുണ്ടെന്ന് അദ്ദേഹം പറയുന്നു.  പഴശ്ശിരാജയെപ്പോലെ ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ വാലേസും പ്രയോഗിച്ചിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ വിവരിക്കുന്നു. 

വാലേസിനെക്കുറിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി സംസാരിച്ചിരുന്നു. അദ്ദേഹമാണ് പഴശ്ശിരാജയെക്കുറിച്ച് തനിക്ക് പറഞ്ഞുതന്നതെന്നും മമ്മൂട്ടിയുടെ സിനിമകാണാന്‍ തന്നെ നിര്‍ദ്ദേശിച്ചതെന്നും മാര്‍ട്ടിന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. പഴശ്ശിരാജയുടെ ഇംഗ്ലീഷ് ജീവചരിത്രത്തിനായുള്ള അന്വേഷണത്തിലാണ് മാർട്ടിൻ ഡേ. സ്‌കോട്ട്ലാന്‍റ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് അംഗമാണ്  ഇദ്ദേഹം. 

മമ്മൂട്ടിയുടെ അംബേദ്ക്കര്‍ സിനിമയും ഇദ്ദേഹം കണ്ടിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ കാണാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ സൂചിപ്പിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യയോട് ചെയ്തത് എന്ത്' എന്ന ശശി തരൂരിന്‍റെ പുസ്തകം പോസ്റ്റില്‍ കമന്റായി ഒരാള്‍ ചേര്‍ത്തപ്പോള്‍ താന്‍ ഈ പുസ്തകം വായിച്ചിട്ടുണ്ടെന്നും തനിക്ക് ഇത് സമ്മാനിച്ചത് തരൂര്‍ തന്നെയാണെന്നും മാര്‍ട്ടിന്‍ മറുപടിയായി പറഞ്ഞു.