കരിന്തണ്ടന്‍ എന്ന സിനിമയിലൂടെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായികയും തിരക്കഥാകൃത്തുമാവാന്‍ ഒരുങ്ങുകയാണ് ലീല സന്തോഷ്. വിനായകന്‍ നായകനാകുന്ന സിനിമയുടെ ജോലികള്‍ ഡിസംബറില്‍ ആരംഭിക്കും. രാജീവ് രവി ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മയായ കലക്ടീവ് ഫേസ് വണ്ണിന്റെ ബാനറിലാണ് സിനിമ. 

 

ആദിവാസികളെക്കുറിച്ച് ആദിവാസികളല്ലാത്തവര്‍ പറഞ്ഞുതന്ന ചരിത്രമേയുള്ളൂ. ആ രീതിയെ തിരുത്തിയെഴുതും ലീല. വയനാടന്‍ ചുരത്തെപ്പോലെ അത്ഭുതമുറങ്ങുന്ന കരിന്തണ്ടന്‍ എന്ന മിത്തിലൂടെ. താമരശേരി ചുരം കണ്ടുപിടിച്ചത് കരിന്തണ്ടനെന്ന പണിയവിഭാഗത്തിലെ മൂപ്പനാണെന്നാണ് വാമൊഴി.

കരിന്തണ്ടന്‍ ഈ പാത മറ്റാര്‍ക്കെങ്കിലും കാണിച്ചുകൊടുത്താലോ എന്നു പേടിച്ച് ബ്രിട്ടീഷുകാര്‍ ചതിച്ചുകൊന്നു എന്നും കഥ.

കാലങ്ങളായി ചതിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയെക്കുറിച്ചുകൂടിയാണ് തന്റെ കഥയെന്ന് സംവിധായിക.

കരിന്തണ്ടനെക്കുറിച്ചുള്ള കഥയില്‍ പല കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടുണ്ട്.  മൂന്നുവര്‍ഷത്തെ പരിശ്രമമാണ് തിരക്കഥ.

 

ചുരം പോലെതന്നെ വളവും തിരിവുമുള്ളതാണ് ലീലയുടെ ജീവിത കഥ. 1994 ല്‍ കെ.ജെ ബേബിയുടെ പനമരത്തെ കനവെന്ന ഗുരുകുലത്തിലെത്തിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അവിടെവെച്ചാണ് ഷോര്‍ട് ഫിലിമുകളിലൂടെ സിനിമയെന്ന കനവിലെത്തുന്നത്.

ആദിവാസി വിഭാഗങ്ങളെക്കുറിച്ച് ഡോക്യുമെന്ററികളും ഇതിനിടയില്‍ ചെയ്തു. വിനായകന്‍ തന്നെയാണ് കരിന്തണ്ടനാകേണ്ടതെന്ന് ലീല. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ സ്വപ്ന പ്രൊജക്ടെന്നായിരുന്നു വിനായകന്റെ മറുപടി. ചെറിയ ബജറ്റില്‍ വലിയൊരു സിനിമയാണ് ചുരമിറങ്ങി വരുകയെന്നും ലീല പറയുന്നു.