sanjay-dutt-gif

സംഭവബഹുലമാണ് ബോളിവു‍ഡ് നടൻ സഞ്ജയ് ദത്തിൻറെ ജീവിതം. വിവാദങ്ങൾ‌ വിട്ടുമാറാത്ത നായകൻറെ ജീവിതം രാജ് കുമാർ ഹിറാനിയുടെ 'സജ്ജു' വിലൂടെ ബിഗ് സ്ക്രീനിലെത്തിയപ്പോള്‍ അതു ഹിറ്റായി. സിനിമാ കുടുംബത്തിൽ ജനിച്ച സഞ്ജയ് ദത്ത് അമ്മ നർഗീസ് ദത്തുമായുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറ‌ഞ്ഞിരുന്നു. അമ്മ മരിച്ചപ്പോൾ കരയാത്ത താൻ പിന്നീട് കരഞ്ഞ സന്ദർഭമാണ് താരം വെളിപ്പെടുത്തിയത്. സഞ്ജു ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഈ സമയത്ത് ആ അഭിമുഖ വിഡിയോ ഇൻറർനെറ്റിൽ തരംഗമാവുകയാണ്. 

സഞ്ജയുടെ ആദ്യ സിനിമ റോക്കി റീലീസ് ചെയ്യുന്നതിന് മൂന്നു ദിവസം മുൻപാണ് നർഗീസ് ദത്ത് മരിക്കുന്നത്. അര്‍ബുദബാധയെത്തുടർന്നായിരുന്നു മരണം. ചികിത്സയുടെ സമയത്ത് മകനുള്ള സന്ദേശങ്ങൾ നർഗീസ് റെക്കോർഡ് ചെയ്ത് ഓഡിയോ രൂപത്തിൽ സൂക്ഷിച്ചിരുന്നു. 

അമ്മ മരിച്ചപ്പോൾ പോലും കരഞ്ഞിട്ടില്ല, എന്നാൽ ആ ടേപ്പ് റെക്കോർഡര്‍ ഓണാക്കി അമ്മ പറഞ്ഞതു കേട്ട് അഞ്ചു മണിക്കൂറോളം താൻ നിർത്താതെ കരഞ്ഞെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. ആ വികാരം നിയന്ത്രിക്കാൻ തനിക്ക് പറ്റുമായിരുന്നില്ല. അതില്‍ നർഗീസ് ദത്ത് പറയുന്നത് ഇപ്രകാരമാണ്: ''മറ്റെന്തിനെക്കാളും നീ നിന്നിലെ എളിമ കാത്തുസൂക്ഷിക്കുക, എപ്പോഴും വിനയമുള്ളവനായിരിക്കുക, മറ്റുള്ളവരെ ബഹുമാനിക്കുക. അതാണ് നിന്നെ മുന്നോട്ടു നയിക്കുക, അതാണ് നിന്നെ നിൻറെ ജോലിയിൽ കരുത്തനാക്കുക. 

അമ്മ തന്നെ എത്രത്തോളം കരുതിയിരുന്നുവെന്നും സ്നോഹിച്ചിരുന്നുവെന്നും മനസ്സിലാക്കിയപ്പോൾ കരച്ചിലടക്കാനായില്ല എന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. 

സഞ്ജയ് ദത്തും മാതാപിതാക്കളും തമ്മിലുള്ള ബന്ധം സിനിമയിലും സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്. അമ്മയുടെ ഈ ഓഡിയോ സന്ദേശങ്ങൾ എങ്ങനെയാണ് ലഹരി ഉപേക്ഷിക്കാൻ താരത്തെ സഹായിച്ചെതെന്നും ചിത്രത്തിൽ പറയുന്നുണ്ട്.