honey-liplock

മലയാളം സിനിമയില്‍ വലിയ പുതുമയായിരുന്നു ആ രംഗം. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ ബൈ ടു എന്ന സിനിമയിലെ ലിപ് ലോക് രംഗം. വര്‍ഷങ്ങള്‍ക്കിപ്പുറം ആ രംഗവും സിനിമയും സമ്മാനിച്ച ഒരു വേദന തുറന്നുപറയുകയാണ് ഹണി റോസ്. ആ രംഗം പരസ്യത്തിനും പ്രചാരണത്തിനും വേണ്ടി ഉപയോഗിച്ചത് തന്നെ വേദനിപ്പിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ആ സിനിമയിലെ രംഗം കച്ചവട താല്‍പര്യത്തിനായി ഉപയോഗിച്ചത് മുറിപ്പെടുത്തി. 

സംവിധായകന്‍ നേരത്തെ ആ രംഗത്തെക്കുറിച്ച് ഷൂട്ടിങ് തുടങ്ങുംമുന്‍പ് തന്നോട് പറഞ്ഞിരുന്നില്ല. കുറേക്കഴിഞ്ഞാണ് പറഞ്ഞത്. എന്‍റെ കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്ക് ആ രംഗം ആവശ്യമായിരുന്നു എന്ന് എനിക്കും തോന്നി. ആ കഥാസാഹചര്യത്തില്‍ അത് വളരെ സ്വാഭാവികം ആയിരുന്നു– താരം പറഞ്ഞു. 

ഇപ്പോഴും ആ രംഗം ചെയ്തതതില്‍ തെറ്റായി ഞാന്‍ ഒന്നും കാണുന്നില്ല. അതുകൊണ്ടുതന്നെ അതില്‍ ഖേദിക്കുന്നുമില്ല. അതൊരു മാര്‍ക്കറ്റിങ് തന്ത്രമാകാം, പക്ഷെ അതെന്നെ വേദനിപ്പിച്ചു. ഭാവിയില്‍ അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കും– ഹണി പറഞ്ഞു. 

മലയാളത്തില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും അറിയപ്പെടുന്ന ഒരു അഭിനേത്രി ആകുന്നതുവരെ പല പുതുമുഖങ്ങൾക്കും പലവിധമുള്ള ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരാറുണ്ടെന്നും ഹണി കൂട്ടിച്ചേര്‍ത്തു. മോശമായ രീതിയിലുളള സംസാരവും സമീപനവും തുടക്കകാലത്ത് സിനിമാ രംഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.  ബ്രെയ്ൻവാഷ് ചെയ്യാനും ആളുകളുണ്ടാവുമെന്നും നമ്മുടെ വ്യക്തിത്വത്തിൽ ഉറച്ചു നിന്നാൽ കാസ്റ്റിങ് കൗച്ച് ഒന്നും ഒരു വിഷയമാകില്ലെന്നും ഹണി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ശാരീരികമായി കീഴ്പ്പെടുത്തുന്ന ഒരവസ്ഥ വരാത്തിടത്തോളം കാലം തന്റെ കാര്യം സെയ്ഫ് ആണെന്നും ഹണി കൂട്ടിച്ചേര്‍ത്തു. താൻ എക്സ്പീരിയൻസ് ചെയ്ത കാര്യങ്ങളെക്കുറിച്ചു മാത്രമാണ് പറയുന്നതെന്നും ഹണി കൂട്ടിച്ചേർത്തു. അച്ഛനും അമ്മയും എപ്പോഴും തനിക്കൊപ്പമുണ്ടെന്നും ഹണി റോസ് പറഞ്ഞു.  കാസ്റ്റിങ് കൗച്ച് ഒക്കെ സിനിമയിൽ നിലനിൽക്കുന്നുണ്ടെങ്കിലും നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെയാണ് തീരുമാനിക്കുന്നത്.  സിനിമയിലായാലും സിനിമയ്ക്കു പുറത്തായാലും നമ്മൾ നമ്മുടെ ഡിഗ്നിറ്റി ഉറച്ചു നിൽക്കാറുണ്ടെന്നും മറ്റാർക്കും അതിലൊന്നും കൈകടത്താനാവില്ലെന്നും ഹണി പറയുന്നു.