മഴയും ലോകകപ്പുമാണ്. എന്നിട്ടും തീയറ്ററുകളില്‍ ആളെക്കൂട്ടി മമ്മൂട്ടിയുടെ മാജിക് വീണ്ടും. പെരുന്നാള്‍ ദിനത്തില്‍ എത്തിയ അബ്രഹാമിന്‍റെ സന്തതികള്‍ മലയാളത്തില്‍ ഈ വര്‍ഷമിറങ്ങിയ ഏറ്റവും വലിയ പണംവാരിപ്പടമാകുകയാണ്. ആദ്യദിന കലക്ഷന്‍ 3. 32 കോടി. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങ്. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദറിന് ശേഷം അതിലും വലിയ വിജയം സ്വന്തമാകുന്നതും ഇപ്പോള്‍.

ഈ വിജയം മമ്മൂട്ടിക്ക് സമ്മാനിക്കുന്നത് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഷാജി പാടൂര്‍ ആണെന്നതും കൗതുകകരം. കഴിഞ്ഞ ദിവസം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലും മമ്മൂട്ടി ഈ ഷാജിയിഷ്ടം പറയുന്നുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമയില്‍ അസോസിയേറ്റ് ഡയരക്ടര്‍ ആണ് ഷാജി. ഡേറ്റുമായി ഷാജിയുടെ പിന്നാലെ നടന്ന രസികന്‍ കഥയും മമ്മൂട്ടി പലയിടത്തും പറഞ്ഞിട്ടുണ്ട്. സിനിമയെടുക്കാത്തതിന് മമ്മൂട്ടി ഷാജിയെ ഒരുപാട് വഴക്ക് പറഞ്ഞിട്ടുമുണ്ട്. 

എന്നാല്‍ മികച്ച തിരക്കഥയ്ക്കായി കാത്തിരുന്ന ഷാജി ഒടുവില്‍ വിജയവുമായി മമ്മൂട്ടിക്ക് മധുരസമ്മാനം നല്‍കുന്നു. ഇതുപോലൊരു പെരുന്നാളിനായിരുന്നു രാജമാണിക്യം വന്നത്. അന്നും നവാഗത സംവിധായകനായ അന്‍വര്‍ റഷീദ് ആ വിജയത്തിന്‍റെ അമരത്ത്. ഇന്ന് മറ്റൊരു വിജയത്തിന്‍റെ പെരുന്നാളുകാലത്ത് ഷാജിയും. 

അബ്രഹാമിന് തിരക്കഥയൊരുക്കിയ ഹനീഫ് അദേനിയാകട്ടെ ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകനും. ഈ സിനിമയില്‍ ഷാജി അസോസിയേറ്റായിരുന്നു. അന്ന് മൊട്ടിട്ട സൗഹൃദമാണ് ഈ സിനിമയിലേക്ക് നയിച്ചത്. ലേലം എന്ന സിനിമയില്‍ തിരക്കഥ പകര്‍ത്തിയെഴുത്തുകാരനായി തുടങ്ങിയ സിനിമാജീവിതമാണ് ഷാജിയുടേത്. ജോഷി മുതല്‍ ഏറ്റവും പുതിയ തലമുറയിലെ അജയ് വാസുദേവിന്‍റെ വരെ അസോസിയേറ്റ് ആയ പരിചയം തന്നെ കൈമുതല്‍. സെറ്റുകളില്‍ തനി പാവത്താന്‍. സ്വന്തം സിനിമയുടെ പ്രമോഷനായി വാ തോരാതെ മിണ്ടാന്‍ പോലും ഷാജിയെ നിങ്ങള്‍ക്ക് കണ്ടുകിട്ടില്ല. 

ഇടക്കാലത്തിന് ശേഷമാണ് മലയാളം ബോക്സോഫീസില്‍ വീണ്ടും കോടികളുടെ കിലുക്കം ഉയരുന്നത്. പെരുന്നാള്‍ ദിനത്തില്‍ മുപ്പതിലധികം സെന്‍ററുകളില്‍ അധിക ഷോകള്‍ ഏര്‍പ്പെടുത്തിയതായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ആള്‍ത്തിരക്ക് കാരണം ആലപ്പുഴ കൈരളി തീയറ്ററില്‍ അന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് പ്രത്യേക ഷോയും സംഘടിപ്പിച്ചിരുന്നു. ഏതായായലും കുടുംബങ്ങളെയടക്കം തീയറ്ററിലെത്തിക്കുന്ന ത്രില്ലര്‍ ചിത്രമാണ് അബ്രഹാമിന്‍റെ സന്തതികള്‍ എന്ന് ഈ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നു.