സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് അതെകുറിച്ച് നിരൂപണമെഴുത്തുന്നവരുടെ എണ്ണം അടുത്തിടെ ഏറി വരികയാണ്. ഇക്കൂട്ടരുടെ ഏറ്റവും ഒടുവിലത്തെ ഇര മമ്മൂട്ടിയുടെ ഇന്ന് റിലീസായ ചിത്രം അബ്രഹാമിന്റെ സന്തതികളാണ്. എന്നാല്‍ സിനിമയുടെ ഫസ്റ്റ് ഷോ കഴിയുന്നതിന് മുന്‍പെ സിനിമയെക്കുറിച്ച് റിവ്യൂ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഒരു ഒാണ്‍ലൈന്‍ മാധ്യമം.
ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റാണ് സിനിമ ഇറങ്ങും മുന്‍പ് സിനിമ മോശമാണെന്ന് റിവ്യു പ്രസിദ്ധീകരിച്ചത്. മലയാള സിനിമയെ നശിപ്പിക്കുന്ന ഇത്തരം മോശം പ്രവണതകള്‍ക്കെതിരെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം.
‘ഇതാണ് നമ്മുടെ കേരളം ഇറങ്ങാത്തസിനിമയുടെ റിവ്യൂ... ഇതു എഴുതിയവനെ ഞാൻ ദൈവത്തിനു സമർപ്പിക്കുന്നു... പ്രതികാരം ദൈവത്തിനു മാത്രം... ഞാൻ സ്നേഹിക്കുന്നു...നിന്നെ.. എഴുത്തുകാര....’ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സാധാരണ സിനിമ റിലീസ് ആകുന്നതിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രിവ്യു ഷോ നടത്താറുണ്ട്. എന്നാല്‍, അബ്രഹാമിന്റെ സന്തതികള്‍ക്കായി പ്രിവ്യു ഷോയും നടത്തിയിട്ടില്ല എന്ന് അണിയറക്കാര്‍ വ്യക്തമാക്കി. ഇന്നലെ ജോബി ജോര്‍ജ്ജിന്റെ ഫെയ്‌സ്ബുക്ക് പ്രതികരണത്തിന് പിന്നാലെ ന്യൂസ്‌ഫോളോ എന്ന ഒാണ്‍ലൈന്‍ മാധ്യമം റിവ്യൂ നീക്കം ചെയ്ത് തടിതപ്പി.