മരണം തോറ്റു മടങ്ങുകയാണ്. ജീവിതത്തെയും തന്നെ ജീവനു തുല്യം സ്നേഹിച്ച നല്ല പാതിയേയും കുറിച്ച് ബിജിബാല്‍ പറയുമ്പോള്‍ അറിയാതെ തന്നെ മറ്റുളളവരുടെ കണ്ണ് നിറയും. അകാലത്തില്‍ െപാലിഞ്ഞ തന്റെ ഭാര്യ ശാന്തിക്കായി പിറന്നാള്‍ ദിനത്തില്‍ സമര്‍പ്പിച്ച വിഡിയോ സമൂഹമാധ്യമങ്ങള്‍ നെഞ്ചോട് ചേര്‍ത്തു കഴിഞ്ഞു. ശാന്തിയുടെ ഓര്‍മ്മകള്‍ ഓത്തിരിക്കാന്‍ ഒരു ജന്‍മം തന്നെ മതിയാകില്ലെന്ന് ബിജിബാല്‍ പല സന്ദര്‍ഭങ്ങളിലും പറഞ്ഞു വെച്ചിട്ടുണ്ട്. 

മയീ മീനാക്ഷി എന്ന സംഗീത കാഴ്ചയുടെ ടീസര്‍ ബിജിബാല്‍ ഹൃയത്തിലാണ് വരച്ചിട്ടിരിക്കുന്നത്. എന്നും ചിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് എന്നാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ആമുഖം. വിഡിയോയുടെ ആശയവും സംഗീതവുമെല്ലാം ബിജിബാല്‍ തന്നൊണ്. ഇതിലെ ഗാനം പാടിയത് സൗമ്യ രാമകൃഷ്ണനാണ്. പ്രശാന്ത് രവീന്ദ്രന്റേതാണ് ഛായാഗ്രഹണം. സംഗീതവും നൃത്തവും ഓര്‍മ്മകളും ഇതള്‍ ചേര്‍ന്ന വിഡിയോ ഈ ഭൂമിയിലെ നിത്യപ്രണയങ്ങളുടെ പരിശുദ്ധി നമ്മെ ഓര്‍മപ്പെടുത്തുന്നു. ഇന്ന് വൈകുന്നേരം ഏഴുമണിക്കാണ് അനശ്വര പ്രണയം തുളുമ്പുന്ന ഗാനമെത്തുക. മയീ മീനാക്ഷിയുടെ ടീസര്‍ പങ്കുവെച്ചു കൊണ്ടായിരുന്നു ബിജിബാലിന്റെ പ്രഖ്യാപനം.

''ഒരു കുങ്കുമച്ചെപ്പോ കുപ്പിവളകളോ മതി നിന്റെ കണ്ണുകൾ അതിശയം കൊണ്ട് തിളങ്ങാൻ, കവിളുകൾ ഇഷ്ടം കൊണ്ട് ചുവക്കാൻ. നാളെ നിന്റെ പിറന്നാളിൽ ഞാൻ നിനക്കൊരു സമ്മാനം തരും. എനിക്കിപ്പൊഴേ കാണാം കവിളിലെ പൂത്ത ചെമ്പനീർ കാട് , കണ്ണിലെ നക്ഷത്രജാലം'' ബിജിബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

തന്റെ മക്കൾക്കൊപ്പം അമ്മയില്ലാത്ത ആദ്യ ‘അമ്മ ദിന’ത്തിൽ ബിജിബാൽ ഫെയ്സ്ബുക്കിൽ  അമ്മപ്പാട്ട് വീണ്ടും പോസ്റ്റ് ചെയ്തിരുന്നു, അമ്മയുടെ സ്നേഹത്തെയും കരുതലിനേയും കുറിച്ച് ബിജിബാലിന്റെ മക്കൾ പാടുന്ന പാട്ട് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയതെങ്കിലും അമ്മ ദിനത്തിൽ വീണ്ടും ബിജിബാൽ ആ ഗാനം ഒാർമപ്പെടുത്തിയിരുന്നു. ശാന്തിയുടെ ഓര്‍മ്മകള്‍ സംഗീതമായി പകരുകയാണ് ബിജിബാല്‍ മയീ മീനാക്ഷിയിലൂടെ.