mg-sreekumar-t

പിന്നണിഗാനരംഗത്ത് മുപ്പത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഗായകന്‍ എം.ജി ശ്രീകുമാറിന് ആദരമര്‍പ്പിച്ച് പിറന്നാള്‍ദിനത്തില്‍ മ്യൂസിക് വീഡിയോ. ഗാനരചയിതാവും സംവിധായകനുമായ ഹരി പി.നായരാണ് മലയാളത്തിന്റെ ഇഷ്ടഗായകന്റെ സംഗീതജീവിതത്തിന് ഒരുഗാനം കൊണ്ട് പ്രണാമമോതുന്നത് 

 

1983 ല്‍ ‘കൂലി’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച ചലച്ചിത്ര സംഗീതയാത്രത്തില്‍ എം.ജി ശ്രീകുമാര്‍ വിവിധ ഭാഷകളിലായി ഇതിനകം പാടിയത് മൂവായിരത്തിലേറെ ഗാനങ്ങള്‍. മലയാളം എന്നും നെഞ്ചേറ്റുന്ന ഒരുപിടി ഭാവഗാനങ്ങളും തലമുറകള്‍ ചുവടുവച്ച ചടുലഗാനങ്ങളുമെന്നുവേണ്ട ചലച്ചിത്ര സംഗീതം ആവശ്യപ്പെട്ട ഭാവതലങ്ങളെയെല്ലാം പൂര്‍ണതയിലെത്തിച്ച സംഗീതജീവിതം. ആ സംഗീതസപര്യയ്ക്കുള്ള ആദരമായാണ് ‘സ്വരവസന്തം’ എന്ന മ്യൂസിക് വീഡിയോയുടെ പിറവി. 

 

വരികളിലും ദൃശ്യങ്ങളിലും എം.ജി.ശ്രീകുമാറിന്റെ സംഗീതയാത്രയെ വരച്ചുകാട്ടുന്ന മ്യൂസിക് വീഡിയോയുടെ രചനയും സംവിധാനവും ഹരി പി.നായര്‍ തന്നെയാണ് നിര്‍വഹിച്ചത്. റിനില്‍ ഗൗതത്തിന്റെ സംഗീതത്തില്‍‍ എം.ജി ശ്രീകുമാര്‍ വിധികര്‍ത്താവായിരുന്ന സംഗീത റിയാലിറ്റി ഷോയിലെ വിജയിയായ മെറിന്‍ ഗൃഗരിയാണ് ആല്‍ബത്തിലെ ഗാനം ആലപിച്ചത്

 

എം.സി സജിതന്‍ നിര്‍മിച്ച ‘സ്വരവസന്തം’ ഗായകന്റെ പിറന്നാള്‍ദിനമായ ഇന്ന് ആസ്വാദകരിലേക്കെത്തും