ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് അരങ്ങേറ്റം മിന്നിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് വമ്പന്‍ അഭിപ്രായം. ലോകമെമ്പാടുമുള്ള തെലുങ്ക് സിനിമാ ആരാധകരാണ് മഹാനടിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ബുധനാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. ആന്ധ്രയ്ക്കും തെലുങ്കാനയ്ക്കുമൊപ്പം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ഇതിനൊപ്പം യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു.
ആദ്യ ദിനം തന്നെ ചിത്രത്തെ പ്രശംസിച്ച് ബ്രഹ്മാണ്ഡ സംവിധായകന്‍ രാജമൗലി രംഗത്തെത്തിയിരുന്നു. ചിത്രം കണ്ടശേഷം ഞാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്റെ പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഇത്തരത്തില്‍ ചിത്രത്തിന് ലഭിക്കുന്ന അഭിപ്രായങ്ങള്‍ മഹാനടിയെ വന്‍വിജയത്തിലേക്ക് നയിക്കുമെന്നാണ് നിര്‍മാതാക്കളുടെ അഭിപ്രായം. ഇന്ത്യയിലെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കുന്നതേയുള്ളുവെങ്കില്‍ യുഎസില്‍ നടന്ന പെയ്ഡ് പ്രിവ്യൂ പ്രദര്‍ശനങ്ങളുടെ ബോക്‌സ്ഓഫീസ് റിപ്പോര്‍ട്ട് പുറത്തുവന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ദുല്‍ഖര്‍ വിദേശത്ത് മലര്‍ത്തിയടിച്ചത് അല്ലു അര്‍ജുന്റെ നാ പേര് സൂര്യ എന്ന ചിത്രത്തെയാണ്.
റിലീസിന് തലേന്ന് മിക്ക പ്രധാന തെലുങ്ക് റിലീസുകള്‍ക്കും യുഎസില്‍ പെയ്ഡ് പ്രിവ്യൂകള്‍ നടത്താറുണ്ട്. സാധാരണ ടിക്കറ്റ് ചാര്‍ജിനേക്കാള്‍ കൂടുതലാവും ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് തീയേറ്ററുകാര്‍ ഈടാക്കുക. ഈ സീസണിലെ പ്രധാന തെലുങ്ക് റിലീസായിരുന്ന ചിത്രത്തിന് യുഎസില്‍ മാത്രം 150 സ്‌ക്രീനുകളാണ് ലഭിച്ചത്. അവിടങ്ങളിലെ പ്രിവ്യൂ പ്രദര്‍ശനങ്ങളില്‍നിന്ന് ലഭിച്ചത് 3.03 ലക്ഷം ഡോളറും (2.04 കോടി രൂപ). പ്രിവ്യൂ കളക്ഷനില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുന്റെ ഏറ്റവും പുതിയ ചിത്രം 'നാ പേര് സൂര്യ'യെ 'മഹാനടി' മറികടന്നു. 2.14 ലക്ഷം ഡോളറായിരുന്നു (1.43 കോടി രൂപ) അല്ലു അര്‍ജ്ജുന്‍ ചിത്രത്തിന്റെ യുഎസ് പ്രിവ്യൂ കളക്ഷന്‍.
തെലുങ്ക് സിനിമയുടെ താരറാണിയും ദേശീയ പുരസ്കാര ജേതാവുമായിരുന്ന മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി. ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് നാളെ മുതല്‍ കേരളത്തില്‍ റിലീസ് ചെയ്യും.