അമ്മമഴവില്ലിലേക്കുള്ള തമിഴക ഹീറോ സൂര്യയുടെ വരവ് സംഘടനയിലെ സഹപ്രവര്‍ത്തകര്‍ക്ക് പോലും അമ്പരപ്പായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും വേറെ ചിലരും മാത്രം അറിഞ്ഞുള്ള നീക്കം. മോഹന്‍ലാല്‍ നേരിട്ടുക്ഷണിച്ചു. സൂര്യ ഉടനടി ആ ക്ഷണം സ്വീകരിച്ചു. അവിടെ തീര്‍ന്നില്ല സൂര്യ സമ്മാനിച്ച അമ്പരപ്പ്. ‘അമ്മ’യ്ക്ക് പത്ത് ലക്ഷം രൂപ സംഭാവന നൽകിയാണ് താരം ചെന്നൈയിലേക്ക് മടങ്ങിയത്. മലയാള സിനിമയിലെ കലാകാരന്മാരെ സഹായിക്കുകയാണ് ഷോയുടെ ലക്ഷ്യം. മുതിർന്ന താരങ്ങൾക്കുള്ള പെൻഷൻ നടപ്പാക്കുന്ന ഗുരു ദക്ഷണ പദ്ധതിയിലേക്കാണ് സൂര്യ തുക സംഭാവന ചെയ്തതെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് തന്നെ വേദിയില്‍ വ്യക്തമാക്കി.
മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് സൂര്യയെ വേദിയില്‍ അവതരിപ്പിച്ചത്. ഇരുവരുടെയും കാല്‍തൊട്ടുവണങ്ങിയാണ് സൂര്യ തുടങ്ങിയത്. ഏറെ സംസാരിച്ചെങ്കിലും അമ്മ ഫണ്ടിലേക്ക് സംഭവന നല്‍കിയ കാര്യമൊന്നും പരാമര്‍ശിക്കാതെയായിരുന്നു ആ സംസാരം.
ഒപ്പം കേരള സര്‍ക്കാരിന് നന്ദി പറയാനും സൂര്യ മറന്നില്ല. നീറ്റ് പരീക്ഷയെഴുതാൻ അവസാനനിമിഷം കേരളത്തിലെ കേന്ദ്രങ്ങളിലേക്കു യാത്ര ചെയ്യേണ്ടിവന്ന തമിഴ്നാട്ടിലെ വിദ്യാർഥികൾക്കായി ആരും ആവശ്യപ്പെടാതെ തന്നെ റെയിൽവേ സ്റ്റേഷനുകളിലും കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലും ഹെൽപ് സെന്ററുകളും സന്നദ്ധപ്രവർത്തകരുടെ സേവനവും ഏർപ്പെടുത്തിയ കേരളത്തിലെ സർക്കാരിനും മുഖ്യമന്ത്രിക്കും നല്ലവരായ ജനങ്ങൾക്കും മുന്നിൽ പ്രണമിക്കുന്നുവെന്നു വേദി തൊട്ടുതൊഴുതു സൂര്യ പറഞ്ഞു.
വിദ്യാർഥികൾക്കു സ്വന്തം വീട്ടിലും നാട്ടിലുമെന്ന പോലെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയത്. മലയാളികളുടെ ഹൃദയവിശാലതയുടെ തെളിവാണിത്. അതുകൊണ്ടാണു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്നതെന്നും സൂര്യ പറഞ്ഞു. മമ്മൂട്ടിയെയും മോഹൻലാലിനെയും സാക്ഷിനിർത്തിയായിരുന്നു സൂര്യയുടെ നന്ദിപ്രകടനം.