അമ്മ മഴവില്ല് ഷോയില്‍ ഏറ്റവും കയ്യടി നേടിയത് കോമഡി സ്കിറ്റുകള്‍. താരങ്ങള്‍‌ ഒന്നാകെ അണിനിരന്ന സ്കിറ്റുകള്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. രമേഷ് പിഷാരടിയുംട പാഷാണം ഷാജിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമടങ്ങുന്ന സംഘം ചിരിയുടെ അമിട്ട് കൊളുത്തി തുടങ്ങി. ഉദയ സ്റ്റുഡിയോയുടെ ബാനറിലായിരുന്നു അടുത്തത്. വന്നതെല്ലാം ഡ്യൂപ്പുകള്‍. ഷാജി പാപ്പനും പുലിമുരുകനും വാറുണ്ണിയും എല്ലാം വന്നുപോയി. പിന്നെ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും നേതൃത്വത്തില്‍ ചിരിപൂരം.

 

ചെറുപ്പത്തിന്‍റെ ഹൃദയതാരകം ദുല്‍ഖര്‍ സല്‍മാന്‍ ഷോയിൽ അലാവുദ്ദീനായാണ് രംഗപ്രവേശം ചെയ്തത്. ഉറങ്ങിക്കിടന്ന ദുൽഖറിനെ തട്ടിയുണർത്തി ധർമജന്റെ ചോദ്യം. ‘മമ്മൂക്ക എവിടെ’. ഏത് മമ്മൂക്കയെന്ന് ദുല്‍ഖർ രസകരമായി മറുചോദ്യമെറിഞ്ഞപ്പോൾ പ്രേക്ഷകർ ചിരിച്ചു മറിഞ്ഞു. 

സിനിമയിലെത്തിയപ്പോൾ വാപ്പായെ മറന്നെന്ന പാഷാണം ഷാജിയുടെ കോമഡി കമന്റിനും കിട്ടി നിറഞ്ഞ കൈയ്യടി. രസകരമായ സ്കിറ്റിനിടെ ജിന്നായി മോഹൻലാലും എത്തിയതോടെ താരങ്ങളുടെ ചിരി ചരിതം അതിന്റെ പൂർണതയിലെത്തി.

 

അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ എത്തിയതോടെ ആരാധക സംഘങ്ങൾ ഇളകി മറിഞ്ഞു, ആർപ്പുവിളിച്ചു. കാതടപ്പിക്കുന്ന കരഘോഷം നീണ്ടു. ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാൽ മമ്മൂട്ടി വേദിയിലെത്തിയത്.  സ്റ്റേഡിം ഇളകിമറിഞ്ഞ എന്‍ട്രി.

മമ്മൂട്ടി, മോഹൻലാലിന്റെ ജിന്നിനോട് ആവശ്യപ്പെട്ടത്, തന്നെ നൃത്തം പഠിപ്പിച്ചുതരണമെന്നായിരുന്നു. അതൊഴിച്ച് എന്തും സാധിച്ചുതരാമെന്ന് മോഹൻലാലിന്റെ മറുപടി. ഒടുവിൽ മമ്മൂട്ടിയെ സഹതാരങ്ങളെല്ലാം ചേർന്ന് നൃത്തം പഠിപ്പിച്ചതോടെ കാണികളും ആവേശത്തിലായി. വിനീത് ശ്രീനിവാസൻ തന്റെ ഗാനങ്ങളുമായി കാണികളുടെ കയ്യടി നേടി.

അലാവുദീനായി ദുൽഖർ, ഭൂതമായി മോഹൻലാൽ, ഡാൻസ് പഠിപ്പിക്കുമോയെന്ന് മമ്മൂട്ടി

മോഹന്‍ലാല്‍ യനായികമാരോടൊപ്പം ആടിത്തിമിര്‍ത്ത ഡാന്‍സ് ഐറ്റവും കയ്യടിനേടി. ഒരായുഷ്ക്കാലം മുഴുവൻ ഓർത്തു വയ്ക്കാവുന്ന ആഘോഷ രാവായിരുന്നു മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ‘മഴവില്ലഴകിൽ അമ്മ മെഗാഷോയിലൂടെ’ പ്രേക്ഷകർക്ക് സമ്മാനിച്ചത്. താരസംഘടനയായ അമ്മ, മഴവിൽ മനോരമയും മലബാർ ഗോൾഡുമായി ചേർന്നാണു താരോത്സവം സംഘടിപ്പിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ആരാധകര്‍ പ്രത്യേക ബാനറുകളും ഫ്ലെക്സുകളുമായാണ് സ്റ്റേഡിയത്തില്‍ ഇടംപിടിച്ചത്.