aishwarya-roja

മണിരത്നത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് റോജ. റോജയിലെ നായികാവേഷം പോലെയൊന്ന് കിട്ടാൻ ഇന്നത്തെക്കാലത്തും നായികമാർ കൊതിക്കാറുണ്ട്. സ്വപ്നസുന്ദരമായ വേഷം ചെയ്ത മധുബാല ഈ ഒരു ഒറ്റ ചിത്രം കൊണ്ടാണ് പ്രശസ്തയായത്. എന്നാൽ ഈ വേഷം ചെയ്യാൻ മണിരത്നം ആദ്യം വിളിച്ചത് നടി ഐശ്വര്യയയെ ആയിരുന്നു. ഒന്നും രണ്ടുമല്ല മൂന്നുതവണയാണ് സാഹചര്യം മൂലം ഐശ്വര്യയ്ക്ക് മണിരത്നത്തിന്റെ ചിത്രങ്ങൾ വേണ്ടെന്നുവെയ്ക്കേണ്ടി വന്നത്. ഇന്നും അതോര്‍ക്കുമ്പോള്‍ വിഷമം ഉണ്ടെന്ന് നടി പറയുന്നു.

 

ഐശ്വര്യയുടെ വാക്കുകള്‍:

 

എന്റെ ജീവിതത്തില്‍ ഏറ്റവും നിര്‍ഭാഗ്യകരം അതാണ്. ഒന്നല്ല, മൂന്ന് സിനിമകളാണ് മണിരത്‌നം സാറിന്റെ ഞാന്‍ മിസ് ചെയ്തത്. അതും ഇന്നും ആളുകള്‍ ഓര്‍ത്ത് വെച്ചിരിക്കുന്ന കഥാപാത്രങ്ങള്‍. ഇപ്പോഴും എനിക്ക് നെഞ്ച് നീറുകയാണ്.

 

അഞ്ജലി എന്ന ചിത്രത്തിലെ ‘ഇരവ് നിലവ്’ എന്ന ഗാനത്തില്‍ അഭിനയിക്കാനാണ് മണിയങ്കിള്‍ (മണിരത്‌നം) ആദ്യം എന്നെ വിളിച്ചത്. അപ്പോള്‍ അമ്മ സമ്മതിച്ചില്ല. ഞങ്ങളുടെ സ്വന്തം ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായി എന്നെ കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. അതുകൊണ്ട് മണിയങ്കിളിനോട് പറ്റില്ലെന്ന് പറഞ്ഞു.

കുഞ്ഞുമണിയെന്ന് വിളിച്ച് ആര്യ; എന്നാല്‍ തൃഷയെ കല്ല്യാണം കഴിച്ചൂടെ..? ട്വിറ്ററില്‍ ‘സ്മൈലിക്കളി’

പിന്നീട് റോജ സിനിമയില്‍ നായികയായി ക്ഷണിച്ചു. ആ സമയത്ത് എന്റെ മുത്തശ്ശി ഒരു തെലുങ്ക് പടത്തിന് കരാര്‍ ഉറപ്പിച്ച് അഡ്വാന്‍സും വാങ്ങിയിരുന്നു. 60 ദിവസത്തെ ഡേറ്റാണ് മണിസര്‍ ചോദിച്ചത്. എന്നാല്‍ തെലുങ്ക് പടത്തിന്റെ ഷൂട്ടിന് പോകുകയാണെന്ന് പറഞ്ഞ് ആ സിനിമയും ഒഴിവാക്കി.

 

ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മുത്തശ്ശിയെ കൊല്ലാനുള്ള ദേഷ്യമാണുള്ളത്. അന്ന് ഞാന്‍ അത്ര പക്വതയുള്ള കുട്ടിയല്ലായിരുന്നു. വേറെ ആരെങ്കിലുമാണെങ്കില്‍ തെലുങ്ക് പടത്തിന്റെ അഡ്വാന്‍സ് തിരിച്ച് നല്‍കി മണിയങ്കിളിന്റെ പടത്തില്‍ അഭിനയിക്കാന്‍ പോയേനേ.

 

കൈനീട്ടി കാശ് വാങ്ങിയെന്ന് പറഞ്ഞ് മോശം തെലുങ്ക് പടത്തില്‍ കൊണ്ട് തലവെച്ചു. അവസാനം ആ സിനിമയിലെ ഡിസ്ട്രിബ്യൂട്ടറും നിര്‍മ്മാതാവും തമ്മില്‍ തര്‍ക്കമായതോടെ രണ്ട് പാട്ട് മാത്രം ഷൂട്ട് ചെയ്ത് ആ സിനിമ അവസാനിപ്പിച്ചു. പിന്നീടുള്ള മുപ്പത് ദിവസം വീട്ടില്‍ വെറുതെയിരുന്നു.

 

റോജ ചിത്രം കോയമ്പത്തൂരില്‍ വെച്ചായിരുന്നു കണ്ടത്. അതുകണ്ടതോടെ എന്റെ നെഞ്ചില്‍ തീയായിരുന്നു. സിനിമ കണ്ട് ഒന്നും മിണ്ടാതെ ഞാന്‍ ഹോട്ടല്‍മുറിയില്‍ എത്തി. മുത്തശ്ശിയെ തല്ലാന്‍ പറ്റാത്തതുകൊണ്ട് ചെരുപ്പെടുത്ത് ഞാന്‍ സ്വയം തലയിലടിച്ചു. ജീവിതത്തില്‍ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അത്. പക്ഷേ ആ ഭാഗ്യം മധുബാലയ്ക്കായിരുന്നു. ഈ സിനിമയില്‍ മാത്രം ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ എന്റെ ജീവിതം തന്നെ മാറിയേനേ എന്നൊക്കെ മുത്തശ്ശിക്ക് മുന്നില്‍ പുലമ്പി. റോജയും പോയി തെലുങ്ക് പടവും പോയി.

 

 

അതിന് ശേഷമാണ് തിരുടാ തിരുടാ സിനിമ വരുന്നത്. മലയാളം സിനിമ കിരീടത്തിന്റെ ഹിന്ദി പതിപ്പില്‍ അഭിനയിക്കാന്‍ പ്രിയദര്‍ശന്‍ സര്‍ വിളിച്ചു. ജാക്കി ഷ്രോഫാണ് നായകന്‍. വലിയ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണെന്നറിഞ്ഞതോടെ മുത്തശ്ശി കരാര്‍ ഉറപ്പിച്ചു. രണ്ട് സിനിമയുടെയും ഡേറ്റ് ഒരേപോലെയായി. തിരുടാ തിരുടായുടെ സ്‌ക്രീന്‍ ടെസ്റ്റിന് പോയപ്പോള്‍ സുഹാസിനിയാന്റിയാണ് മുടിയൊക്കെ ചീകികെട്ടിത്തന്നത്.

 

 

മണിയങ്കിളിന്റെ ആദ്യചിത്രം അമ്മയോടൊപ്പമായിരുന്നു. അതുകൊണ്ടാണ് അങ്കിളിന് എന്നെവെച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചത്. പക്ഷേ നടന്നില്ല. മധുബാലയ്ക്കും ഹീര രാജഗോപാലിനും ആജീവാനന്ത കഥാപാത്രമാണ് കിട്ടിയത്. മര്യാദയ്ക്ക് ഇത് മാത്രം ചെയ്ത് വീട്ടിലിരിക്കാമായിരുന്നു. വെറുതെ മുപ്പതോളം ചിത്രങ്ങള്‍ ചെയ്തിട്ട് എന്തിനാണ്. 

 

പിന്നീട് ഒരിക്കലും മണിയങ്കിള്‍ എന്നെ വിളിച്ചിട്ടില്ല. വിളിക്കുകയാണെങ്കില്‍ ഞാന്‍ പെട്ടിയും ഭാണ്ഡവുമായി മണി സാറിന്റെ അടുത്തേക്ക് പോകും. വല്ല സോഫയോ ഫര്‍ണീച്ചറോ ആകാന്‍ വിളിച്ചാലും ഞാന്‍ പോകും.