kanaka-interview

മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ കനക അഭിനയിച്ചിട്ടുള്ളൂ. എന്നാലും പ്രേക്ഷകർ ആ നടിയെ സ്നേഹത്തിന്റെ കനകസിംഹാസനത്തിലാണ് പ്രതിഷ്ഠിച്ചത്. ഗോഡ്ഫാദറിൽ രാമഭദ്രനെ കുരങ്ങു കളിപ്പിക്കുന്ന മാലു, വിയറ്റ്നാം കോളനിയിൽ കൃഷ്ണമൂർത്തിയ്ക്കു എപ്പോഴും ‘പണി’കൊടുക്കുന്ന ഉണ്ണി മോൾ തുടങ്ങിയ കഥാപാത്രങ്ങൾ മാത്രം മതിയായിരുന്നു കനകയെ എന്നും ഓർമിക്കാൻ. മോഹൻലാൽ നായകനായ നരസിംഹത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. 

 

മലയാളത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാൻ ഒരു കാലത്ത് ദക്ഷിണേന്ത്യൻ സിനിമയിലെ ഭാഗ്യനക്ഷത്രമായിരുന്ന ഈ നടിയ്ക്കു സാധിച്ചില്ല. പല സിനിമകളും പരാജയപ്പെട്ടു. പതുക്കെ കനക സിനിമാരംഗത്തു നിന്നും അപ്രത്യക്ഷമായി. തുടർന്ന് ജീവിതത്തിന്റെ കയ്പേറിയ മറ്റൊരു വശം കൂടി അനുഭവിക്കേണ്ടി വന്നു ഈ താരത്തിന്. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കനക തന്റെ കുടുംബജീവിതത്തിലെ ദുരനുഭവങ്ങൾ പങ്കു വച്ചത്.

 

kanaka

സ്വന്തം പിതാവിനെതിരെ രൂക്ഷമായ ഭാഷയിലാണ് കനക സംസാരിച്ചത്. താൻ മരിച്ചു എന്നു വരെ അദ്ദേഹം പ്രചരിപ്പിച്ചതായി നടി പറയുന്നു. തനിക്ക് മാനസിക രോഗമുണ്ടെന്ന വാർത്ത പരത്തിയതും സ്വന്തം അച്ഛൻ ദേവദാസ് ആണ്. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ അനുസരിക്കാതിരുന്നതിന്റെ പകയായിരുന്നു കാരണം. അതുകൊണ്ടും അവസാനിച്ചില്ല. താൻ മയക്കുമരുന്നിനും അടിമയാണെന്നു കുപ്രചാരണം നടത്തി. അമ്മ മോശം സ്ത്രീയാണെന്നും പറഞ്ഞു. താലി കെട്ടിയ പെണ്ണിനെ മോശക്കാരിയാക്കിയ വ്യക്തി സ്വന്തം മകളെ മനോരോഗിയാക്കിയതിൽ അത്ഭുതമില്ല.  14-15 വയസുള്ളപ്പോൾ തന്നെ വിട്ടു കിട്ടാനായി അദ്ദേഹം കേസ് കൊടുത്തു. ഭാര്യയ്ക്കു മകളെ വളർത്താൻ അറിയില്ലെന്നു കാണിച്ചായിരുന്നു കേസ്. ഇതിനു ശേഷം കോടതിയിൽ നിന്നും ഇഞ്ചങ്ഷൻ ഓർഡർ വന്നതിനാൽ കരാട്ടെക്കാരൻ എന്ന ചിത്രത്തിന്റ ചിത്രീകരണം നിലച്ചു. 

 

അമ്മയോടു തനിക്കു വല്ലാത്ത അടുപ്പമായിരുന്നു. തനിക്കൊരു ഇരട്ട സഹോദരി ഉണ്ടായിരുന്നു. മരിച്ചു പോയി. അമ്മയായിരുന്നു എന്റെ എല്ലാം. എന്റെ 29ാം വയസിലാണ് അമ്മ മരിക്കുന്നത്. ആ പ്രായത്തിൽ പോലും അമ്മ തനിക്കു ഭക്ഷണം വാരിത്തന്നു. ആ അമ്മയെക്കുറിച്ച് അച്ഛൻ മോശം വാക്കുകൾ പ്രയോഗിച്ചത് തനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നെ വളർത്തുന്നതിനു വേണ്ടിയാണ് അമ്മ സിനിമ ഉപേക്ഷിച്ചത്. 

 

തിരിച്ചു വന്നാൽ എല്ലാം ക്ഷമിച്ച് നിന്നെ സ്വീകരിക്കാമെന്നു പിന്നീട് അച്ഛൻ പറഞ്ഞു. അതിനു താൻ എന്തു തെറ്റാണ് ചെയ്തതെന്നു പറയണം. പത്തു സിനിമകൾ പോലും സംവിധാനം ചെയ്തിട്ടില്ലാത്ത ആളാണ് തന്റെ അച്ഛൻ. അമ്മയെ വിവാഹം ചെയ്ത ശേഷമാണ് അദ്ദേഹത്തിന് സിനിമകൾ വന്നു തുടങ്ങിയതു തന്നെ. അതിന്റെ നന്ദി പോലും അദ്ദേഹം കാണിച്ചില്ല. 

 

പിന്നെ ഞാൻ മരിച്ചെന്നായിരുന്നു മറ്റൊരു പ്രചാരണം. താൻ കാൻസർ രോഗിയായിരുന്നെന്നും ആലപ്പുഴയിലെ കാൻസർ സെന്ററിൽ തന്നെ കണ്ടെന്നുമൊക്കെയായിരുന്നു വാർത്ത. വിയറ്റ്നാം കോളനിയുടെ ചിത്രീകരണത്തിനായി ഒരു തവണ മാത്രമാണ് താൻ ആലപ്പുഴയിൽ പോയത്. ചിലപ്പോൾ ആശുപത്രിയിൽ തന്നെപ്പോലെ മറ്റാരെയെങ്കിലും കണ്ടതാകാം ഈ വാർത്തയ്ക്കു പിന്നിലെ കാരണം. മാത്രമല്ല, ചെന്നെയിലും മറ്റും മികച്ച ആശുപത്രികൾ ഉള്ളപ്പോൾ എന്തിന് ആലപ്പുഴയിൽ വരണം.

 

ഒരു സിനിമയിൽ അഭിനയിച്ച ശേഷം ഈ രംഗം ഉപേക്ഷിക്കാനായിരുന്നു പരിപാടി. എന്നാൽ വീണ്ടും വേഷങ്ങൾ തേടി വന്നു. ഇപ്പോൾ വയസായി. ഇപ്പോഴും സഹനടിയായും നായകന്റെ അമ്മയായും ചേച്ചിയായും തനിക്കു വേഷം ലഭിക്കും. എന്നാൽ താൽപര്യമില്ല. അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും തന്നെ ഇപ്പോഴും ആളുകൾ ഓർത്തിരിക്കുന്നതും അന്വേഷിക്കുന്നതും ദൈവാനുഗ്രഹം കൊണ്ടാണ്- കനക പറഞ്ഞു നിർത്തി