ഏതൊരു മലയാളിയുടെയും മുന്നില്‍ ഒറ്റവരിയില്‍ പറഞ്ഞുതീര്‍ക്കാവുന്ന ഒരു കഥ. ആ ഒറ്റവരിയില്‍ പക്ഷേ സമകാലത്തെ കേരളവും ഇന്ത്യയിലെ ഏതൊരുനാടും ഉള്ളില്‍പ്പേറുന്ന ആധികളുടെയും വേവുകളുകളുടെയും ആകത്തുക. ജോയ് മാത്യു എഴുതി തുടക്കക്കാരനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത ‘അങ്കിള്‍’ പുതിയകാല മലയാള സിനിമ അകലെ നിര്‍ത്തിയ രാഷ്ട്രീയ സിനിമകളുടെ ജനുസ്സില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. കാലം മാറിയതിനൊപ്പം സിനിമയും മാറിയെന്ന് ഊറ്റംകൊള്ളുന്ന പുതിയ തലമുറ സിനിമക്കാര്‍ക്ക് ഇനി മുന്നില്‍ നിര്‍ത്താം ഈ അങ്കിളിനെ.
കഥ പറച്ചിലിലും ആഖ്യാനത്തിലും ഒട്ടേറെ പുതുമകള്‍ കൈവരിച്ച മലയാള സിനിമയില്‍ ആ കൂട്ടത്തിലേക്കല്ല അങ്കിള്‍ കാറോടിക്കുന്നത്. ശക്തമായി ഈ കാലത്തിന്‍റെ രാഷ്ട്രീയം പറഞ്ഞു എന്ന മേനിയോടെയാണ് ഈ ചലച്ചിത്രം നമ്മുടെ ശ്രദ്ധയും പരിഗണനയും അര്‍ഹിക്കുന്നത്. ഒപ്പം മമ്മൂട്ടി എന്ന അഭിനേതാവിന്‍റെ ജീവിതത്തിലെ ഏറ്റവും ഊഷ്മളമായ ഭാവവൈവിധ്യങ്ങളുടെ സമാഹാരവുമാകുന്നു ഈ സിനിമാനുഭവം.
തിരഞ്ഞുപോയാല്‍ ഈ സിനിമയുടെ നിര്‍മിതിയില്‍ കൈക്കുറ്റപ്പാടുകള്‍ പറയാനുണ്ടാകും. എന്നാല്‍ ഈ കാലത്ത് ഈ കഥ പറയാന്‍ നേരവും ധൈര്യവും കാട്ടി എന്നതാണ് വലിയ കാര്യം. ജീവിതം മുതല്‍ ഏറെനേരം ഒരാള്‍ ജീവിതം ചെലവിടുന്ന സമൂഹമാധ്യമലോകം വരെ പെണ്ണ് എന്നതിനായി മിണ്ടുന്നതിനെ പിന്നിലേക്ക് മാറ്റിനിര്‍ത്തുന്ന, അപഹാസങ്ങളാല്‍ എതിരിടുന്ന കാലത്താണ് ജോയ് മാത്യു മറിച്ച് ചിന്തിച്ചത്. എവിടെയും വാഴ്ത്തുന്നപോല മലയാളിയുടെ, ഇന്ത്യന്‍ സമൂഹത്തിന്‍റെ തന്നെ കപടസദാചാര ബോധ്യങ്ങള്‍ക്കുമേല്‍ ആഞ്ഞുള്ള ആക്ഷേപമാണ് ഈ സിനിമ. ആ കാപട്യത്തിന്‍റെ കാര്യത്തില്‍ ഹിന്ദു–മുസ്‌ലിം വര്‍ഗീയവാദികള്‍ ഒറ്റക്കെട്ടാണ് എന്ന് പച്ചവെളിച്ചത്തില്‍ തന്നെ പറയുന്നു ഈ സിനിമ. അതിനപ്പുറം ചിലതുകൂടിയാകുന്നു എന്നിടത്താണ് അങ്കിള്‍ വലിയ പ്രസക്തികളിലേക്ക് ചുരമിറങ്ങിയെത്തുന്നത്. പിറന്നുവീഴുന്ന നേരം മുതല്‍ അധികപ്പറ്റാകുന്ന പെണ്ണിന്‍റെ ഭാരങ്ങളെയാണ് ഈ സിനിമ എല്ലാത്തിനുമപ്പുറം പറഞ്ഞതെന്ന് അവസാന സീനിലെ ഒറ്റ ഡയലോഗിലൂടെ തോന്നുന്നിടത്ത് അങ്കിള്‍ സമീപകാലത്തെ ഏറ്റവും നല്ല സിനിമ കൂടിയാകുന്നു.
ഷട്ടറില്‍ ഒരു കടമുറിക്കകത്ത് തുണിയുരിഞ്ഞുപോകുന്ന ആണ്‍മനസ്സിന്‍റെ അവസ്ഥാന്തരങ്ങളായിരുന്നുവെങ്കില്‍ അങ്കിളിലെത്തുമ്പോള്‍ ഒരു കാറിനകത്ത് ക്യാമറവെച്ച് വെളിപ്പെടുത്തുന്ന സാമൂഹിക പാഠങ്ങളാകുന്നു അത്. ആ പാഠം പകരാന്‍ ജോയ് മാത്യു എന്ന ഏറെ അനുഭവങ്ങളുള്ള കലാകാരന്‍ ആയുധമാക്കുന്നത് മമ്മൂട്ടി എന്ന നടനെ. ആ തിരഞ്ഞെടുപ്പാണ് ഈ സിനിമയുടെ ആദ്യവിജയം. ഈ സിനിമയിലേക്ക് മമ്മൂട്ടി തന്നിഷ്ടപ്രകാരം കടന്നുകയറുകയായിരുന്നു എന്ന് നിര്‍മാതാവ് കൂടിയായ ജോയ് മാത്യുവിന്‍റെ സ്നേഹപ്രഖ്യാപനത്തിലുമുണ്ട് ചില ശുഭസൂചനകള്‍. ഈ സിനിമയുടെ കരുത്തും കാതലും തിരിച്ചറിഞ്ഞ താരത്തിന്‍റെ സാമൂഹ്യബോധമാണ് അത്. കേരളീയര്‍ കാണേണ്ട ഈ പ്രമേയപരിസരത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനായി അതുകാണ്ട്.
അടിമുറി മാറിയുള്ള ഒരു പയറ്റാണ് മമ്മൂട്ടി കെ.കെ. എന്ന വിളിപ്പേരുള്ള കഥാപാത്രത്തിനായി നടത്തിയതെന്ന് വ്യക്തം. പല ഭാവതലങ്ങളുള്ള, അതിസൂക്ഷ്മമായ കരുതല്‍ ആവശ്യപ്പെടുന്ന കഥാപാത്രം. എങ്ങനെയാണ് ഈ കഥാപാത്രത്തെ മമ്മൂട്ടിക്ക് എഴുത്തുകാരന്‍ വിശദീകരിച്ചുനല്‍കിയത് എന്നറിയാന്‍ കാണുന്ന ഓരോ ആള്‍ക്കും കൗതുകം തോന്നുന്ന മട്ടിലാണ് ഈ നായകന്‍. ഉള്ളിലെ ഏതുഭാവമാണ് കഥയുടെ ഓരോ വളവുതിരിവുകളിലും അയാള്‍ പുറത്തെടുക്കുന്നത് എന്ന ആകാംക്ഷ. രണ്ട് പതിറ്റാണ്ട് മുന്‍പ് വിഖ്യാതനായ രാജ്യാന്തര സിനിമാ നിരൂപകന്‍ ഡെറക് മാല്‍ക്കം മമ്മൂട്ടിയെ വാഴ്ത്തിയ ആ വാക്ക് ഈ അങ്കിള്‍ ഭാവത്തിന് കൂടുതല്‍ ഇണങ്ങുമെന്ന് തോന്നിച്ചു ഓരോ സീനും. ‘അഭിനയത്തിന്‍റെ അടക്കിപ്പിടിച്ച ആ ഊഷ്മളത’ സുന്ദരസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്നു സിനിമയില്‍.
ഈ മനുഷ്യന്‍ നല്ലവനാണോ ചീത്തയാളാണോയെന്ന ആന്തല്‍ മമ്മൂട്ടി എന്ന അഭിനേതാവ് കാത്തുനിര്‍ത്തിയതാണ് കഥാപാത്രത്തെയും പ്രമേയത്തെയും പിടിച്ചുയര്‍ത്തിയത്. പെണ്‍കുട്ടിയുടെ മുന്നില്‍ പല ഭാവങ്ങള്‍ അയാള്‍ പുറത്തെടുക്കുന്നു. സ്നേഹവും സൗഹൃദവും അരിശവും രോഷവും മുതല്‍ പിണക്കവും ചിരിയും അനാഥത്വവും ഒറ്റപ്പെടലും വരെ മിന്നിമായുന്നു അവരുടെ ഇടയില്‍. മമ്മൂട്ടി തന്‍റെ നാനൂറിലേറെ വരുന്ന കഥാപാത്രങ്ങളിലൊന്നും സന്നിവേശിപ്പിക്കാത്ത മട്ടിലുള്ള വാല്‍സല്യവും കാണാം ചില നേരങ്ങളില്‍. കാറില്‍ ഏതോ ലോറിക്കാരന്‍ വന്നിടിക്കുമ്പോള്‍ ക്ഷോഭിക്കുന്ന മനുഷ്യനില്‍ നമ്മള്‍ കണ്ടുപരിചയിച്ച ‘മമ്മൂട്ടിക്ഷോഭ’ങ്ങളൊന്നുമില്ല. ഒടുവില്‍ ആള്‍ക്കൂട്ടത്തിന്‍റെ മുന്നില്‍ തോറ്റുനില്‍ക്കുന്ന മമ്മൂട്ടിയിലെ നിസ്സഹായത ഈ നടന്‍ സമ്മാനിച്ച അനേകമനേകം ഭാവങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ തന്നെ നില്‍ക്കാന്‍ പോന്നതാണ്.
തുടക്കക്കാരനായ സംവിധായകന്‍റെ ഈ സിനിമ കഥ പറച്ചിലിലേക്ക് നേരിട്ട് പ്രവേശിക്കുന്ന കാര്യത്തിലും പുതുകാല സിനിമകള്‍ക്ക് മാതൃക പണിയുന്നു. കഥാ പശ്ചാത്തലവും കഥാപാത്രങ്ങളെയും പരിചയപ്പെടുത്താനായി തിരക്കഥയിലെ ഭൂരിഭാഗം പേജുകളും കളയുന്ന പതിവ് ഇവിടെ തെറ്റുന്നു. സിനിമ പറയുന്ന സംഘര്‍ഷങ്ങളുടെ ഉള്ളിലേക്ക് പൊടുന്നനെ തന്നെ കാറോടിച്ചുയറുന്നു ഈ സംവിധായകനും തിരക്കഥാകൃത്തും. യാത്രയ്ക്കിടെ ആ പെണ്‍കുട്ടി സഹയാത്രികനെ തനിച്ചാക്കി പാട്ടുപാടി പൂക്കള്‍ക്കും തടാകങ്ങള്‍ക്കും കാടിനും ഇടയിലേക്ക് ഇറങ്ങിപ്പോകുന്ന പാട്ടുനേരത്തെപ്പോലെ അപൂര്‍വം ചിലയിടങ്ങളില്‍ രസംകൊല്ലിയുമാകുന്നു ‘അങ്കിള്‍’.
ഒന്നുപറയാം, അങ്കിള്‍ കാണേണ്ട സിനിമയാണ്. ആള്‍ക്കൂട്ടത്തില്‍, സൗഹൃദങ്ങളില്‍ ഒക്കെ നില്‍ക്കുമ്പോള്‍ നമ്മള്‍ എത്ര ബോറന്‍മാരാണ് എന്ന് ഈ സിനിമ നമുക്ക് പറഞ്ഞുതരും. ഒപ്പം മമ്മൂട്ടിയിലെ ഊഷ്മളസമ്പന്നമായ ഭാവങ്ങളെയും അത് നിങ്ങള്‍ക്ക് കാട്ടിത്തരും. ഉള്ള് മുഷിഞ്ഞ ഈ ബെന്‍സില്‍ മലയാളിയുടെ മുഷിഞ്ഞ മനസ്സിന്‍റെ സഹയാത്രികരായാല്‍ ചില ബോധ്യങ്ങളിലേക്ക് അത് നിങ്ങളെ എത്തിക്കുക തന്നെചെയ്യും.