gireeshdamodar-uncle

അങ്കിൾ. എന്റെ സ്വപ്നത്തിന്റെ പേരാണ് അത്. അതാണ് നാളെ നിങ്ങളിലേക്ക് എത്തുന്നത്. ഒപ്പമുണ്ടാകണം. കൊച്ചിയിൽ നാളെയുടെ സിനിമാ സ്വപ്നങ്ങളിലാണ് ഇൗ കോഴിക്കോട്ടുകാരൻ. സിനിമയെ സ്നേഹിച്ച് സിനിമയിൽ ജീവിക്കാൻ മാത്രം ആഗ്രഹിച്ച് അന്നും ഇന്നും ഒരു ചലച്ചിത്ര വിദ്യാർഥിയായി തുടരുകയാണ് ഗിരീഷ് ദാമോദർ. വർഷങ്ങളുടെ ആ സ്വപ്നം നാളെ വെള്ളിത്തിരയിൽ പിറവിയെടുക്കുമ്പോൾ അങ്കിളിനെക്കുറിച്ച് സംവിധായകൻ ഗിരീഷ് ദാമോദർ മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു

 

നാളെ അങ്കിളിന് ടിക്കെറ്റെടുന്ന പ്രേക്ഷകനോട് എന്താണ് പറയാനുള്ളത്.?

അങ്കിൾ നിങ്ങളെ ചതിക്കില്ല. കുടുംബസമേതം ടിക്കറ്റെടുക്കാം. മമ്മൂട്ടി എന്ന നടന്റെ ജീവിതത്തിലെ ഏറെ വ്യത്യസ്ഥത നിറഞ്ഞ കഥാപാത്രമായിരിക്കും കൃഷ്ണകുമാർ. നമ്മുടെയൊക്കെ വീടുകളിൽ നമ്മുടെ സമൂഹത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. തികച്ചും സാമൂഹിക പ്രതിബന്ധതയുള്ള ഒരു ചിത്രം. മധ്യവയസ്കനായ ഒരു കഥാപാത്രത്തെയാണ് മമ്മൂക്ക ഇൗ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അൽപം നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രം. മമ്മൂട്ടി നായകനാണോ വില്ലനാണോ എന്നതിനുള്ള ഉത്തരമാണ് നാളെ പ്രേക്ഷകനെ കാത്തിരിക്കുന്നത്.

mammootty-uncle-movie

 

uncle

അങ്കിളിലേക്കുള്ള വഴി എങ്ങനെയായിരുന്നു?

വർഷങ്ങളോളം ഞാൻ സഹസംവിധായകനായി പ്രവർത്തിച്ചുണ്ട്. രഞ്ജിത്ത് സാറിനൊപ്പവും പത്മകുമാർ സാറിനൊപ്പവുമെല്ലാം. എല്ലാം. സ്വതന്ത്ര്യമായ ഒരു സിനിമ അത് ഏതൊരാളെ പോലെയും എന്റെയും സ്വപ്നമാണ്. കേവലം ഒരു സിനിമ ചെയ്യുക എന്നതായിരുന്നില്ല എന്റെ മോഹം. അതിനായിരുന്നെങ്കിൽ ഞാൻ ഇത്രനാളും കാത്തിരിക്കേണ്ടിയിരുന്നില്ല. സിനിമ ഒരിക്കലും ഒരു തൊഴിലായി കണ്ടിട്ടില്ല. സഹസംവിധായകനായി പ്രവർത്തിക്കുമ്പോൾ ചിത്രീകരണം മുതൽ അത് തിയറ്ററിലെത്തുന്ന സമയം വരെ അതിനൊപ്പം ഉണ്ടാവും. സാമൂഹിക പ്രതിബന്ധതയുള്ള ഒരു ചിത്രം അതായിരിക്കണം എന്റെ ആദ്യ സിനിമ എന്നത് ഒരു വലിയ മോഹമായിരുന്നു. അതിനായിട്ടായിരുന്നു എന്റെ കാത്തിരിപ്പും.

ജോയ് മാത്യൂവുമായി എനിക്ക് മുൻപ് തന്നെ പരിചയമുണ്ട്. പലപ്പോഴും ഞങ്ങൾ തമ്മിലുള്ള സിനിമാ ചർച്ചകളിൽ ഞാൻ പറയാറുണ്ട് നല്ല ഒരു സിനിമ ചെയ്യണം ജോയിയേട്ടാ എന്ന്. ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു നിനക്ക് ഞാനൊരു സ്ക്രിപ്പ്റ്റ് എഴുതി തരാമെന്ന്. അന്നുമുതൽ ഇന്നുവരെ നിഴലായി അദ്ദേഹത്തിനൊപ്പമുണ്ട് ഞാൻ. മൂന്നു വർഷമാണ് ഇൗ സിനിമക്കായി ഞാൻ കാത്തിരുന്നത്. ഇൗ മൂന്നുവർഷവും ഞാൻ മറ്റാെരു സിനിമയിലും സഹസംവിധായകനായി പ്രവർത്തിച്ചില്ല. എന്റെ ആദ്യ സിനിമയ്ക്കായുള്ള തയാറെടുപ്പിലായിരുന്നു.

uncle-mammootty-film

 

മമ്മൂട്ടിയിലേക്ക് എങ്ങനെയെത്തി?

മമ്മൂട്ടി സാറിനൊപ്പം മുൻപ് പല ചിത്രങ്ങളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട് സഹസംവിധായകനായി. പക്ഷേ അന്നൊക്കെ അദ്ദേഹത്തിനോട് അത്ര വലിയ സൗഹൃദം ഉണ്ടാക്കിയെടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇൗ സിനിമയുടെ കഥ ജോയ്ചേട്ടനാണ് മമ്മൂക്കയോട് പറയുന്നത്. ‘പുത്തൻ പണം’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഗോവയിൽ വച്ചാണ് കഥ പറയുന്നത്. കഥ അദ്ദേഹത്തിന് ഇഷ്ടമായി. അടുത്ത ചോദ്യം ഇതായിരുന്നു. ജോയ് നിങ്ങളല്ലേ സംവിധാനം ചെയ്യുന്നത്? അപ്പോൾ ജോയ്ചേട്ടൻ പറഞ്ഞു. അല്ല അത് ഗിരീഷാണ് ചെയ്യുന്നതെന്ന്. അന്ന് അദ്ദേഹത്തിനൊപ്പം ഞാനില്ലായിരുന്നു. ജോയ് ചേട്ടൻ മൊബൈലിൽ എന്റെ ചിത്രം മമ്മൂക്കയെ കാണിച്ചുകൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു. അറിയാം എനിക്കറിയാം ഗിരീഷിനെ. ആ വാക്കുകൾ എന്നോട് അവർ പിന്നിട് ഫോൺ ചെയ്തു പറഞ്ഞു. അങ്ങനെ എന്റെ ആദ്യ സിനിമ സഫലമാക്കാനുള്ള യാത്രയുടെ രണ്ടാഘട്ടം അവിടെ തുടങ്ങി. പുതുമുഖ സംവിധായകർക്ക് ഡേറ്റ് കൊടുക്കുന്ന മെഗാ സ്റ്റാറുകളിൽ മമ്മൂക്കയാകും ഒന്നാമത്. അത്രത്തോളം വലിയ പിന്തുണയാണ് പുതിയ സംവിധായകർക്ക് അദ്ദേഹം നൽകുന്നത്. 

‘അങ്കിള്‍’ എന്‍റെ മകളുടെ ചോദ്യം; ചെക്ക് കൊടുത്തപ്പോള്‍ മമ്മൂട്ടി പറഞ്ഞത്: ജോയ് മാത്യു അഭിമുഖം

ഷട്ടറിന് മുകളിൽ നിൽക്കുന്ന ചിത്രമാകുമെന്ന് ജോയ്​മാത്യൂ പറഞ്ഞതിനെക്കുറിച്ച്?

തീർച്ചായും അങ്കിളിനെ എല്ലാവർക്കും ഇഷ്ടമാകും. ഷട്ടർ മലയാളി എത്രത്തോളം ഇഷ്ടപ്പെട്ട ചിത്രമാണ് ഞാൻ പറയേണ്ടതില്ലല്ലോ. ജോയ് മാത്യൂ തന്നെ അങ്ങനെ പറയണമെങ്കിൽ അത് അദ്ദേഹത്തിന് ഇൗ സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ്. ആ ഇഷ്ടം പ്രേക്ഷകനും തോന്നും. നാളെ എല്ലാവർക്കും ഒപ്പം കൊച്ചിയിൽ ഞാനും സിനിമ കാണും. സഹസംവിധായകനായി പ്രവർത്തിച്ച സിനിമകൾ തിയറ്ററിൽ കണ്ടിറങ്ങുമ്പോൾ അന്ന് മനസിൽ കണ്ട  സ്വപ്നം കൂടിയാണ് നാളെ യാഥാർഥ്യമാകുന്നത്.