ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ആളൊരുക്കം. മാധ്യമ പ്രവർത്തകനായ വി.സി. അഭിലാഷ് ആയിരുന്നു സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത്. സാംലാൽ പി തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സാംലാലിന്റെ രണ്ടാമത്തെ ചിത്രമെന്നതിലുപരി ജീവിതത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ സിനിമ.
ഒരപകടത്തിൽപെട്ട് മരണത്തെ മുഖാമുഖം കണ്ട സാംലാലിന്റെ തിരിച്ചുവരവാണ് ഈ സിനിമയെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ജയൻ വന്നേരി പറയുന്നു. സാംലാലിനെക്കുറിച്ച് ജയൻ വന്നേരി എഴുതിയ കുറിപ്പ് വായിക്കാം–
‘ഛായാഗ്രഹണം: സാംലാൽ പി തോമസ്. "ആളൊരുക്കം'' എന്ന സിനിമ കണ്ട ചിലരെങ്കിലും ഈ പേര് ഓർക്കുന്നുണ്ടാവും. വളരെ ചെറിയ ഒരു ബഡ്ജറ്റിൽ ഒരുപാട് പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് ആളൊരുക്കം എന്ന സിനിമയെ വളരെ നല്ല രീതിയിൽ ചെയ്തെടുക്കാൻ സാമിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സാമിനെ പലരും തിരിച്ചറിയുന്നത് ഒരു ക്യാമറാമാൻ എന്ന നിലയിലാണെന്നത് സന്തോഷം നൽകുന്നു. ആ സന്തോഷത്തിലേക്ക് സാം എത്തിപ്പെട്ട വഴികളെ കുറിച്ചോർക്കുമ്പോൾ ഞാനുൾപ്പെടുന്ന കുറച്ച് സുഹൃത്തക്കൾക്ക് അത് അഭിമാനവും ആത്മധൈര്യവുമാണ്. കാരണം ജീവിതത്തേയും അതിന്റെ വെല്ലുവിളികളേയും സാം നേരിടുന്നത് അസാധ്യമായ ഒരാത്മധൈര്യത്തോടെയാണ്. സിനിമക്ക് പുറകെ നടന്ന് ജീവിതം നഷ്ടപ്പെട്ടവരേയും ജീവിക്കാൻ മറന്ന് പോയവരേയും ഒരുപാട് നമുക്കറിയാം.
പക്ഷെ, സാം അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ്. സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിക്കുമ്പോഴും ജീവിതത്തോടും തന്നെ ആശ്രയിച്ച് ജീവിക്കുന്നവരോടും സാം കാണിക്കുന്ന ഒരാത്മാർത്ഥത അത്രമേൽ ശക്തമാണ്. തൂവൽക്കൊട്ടാരത്തിലെ ജയറാമിനെ പോലെ ഏത് വേഷത്തിൽ എവിടെ, എപ്പോൾ സാമിനെ കാണുമെന്ന് പറയാനാവില്ല. ചിലപ്പോൾ ഒരു ഗാനമേളയിൽ ഗായകനായി അവനെ കാണാം. ചിലപ്പോൾ പള്ളിപ്പെരുന്നാളിന്റെ ബാന്റ്സെറ്റിനോടൊപ്പം ബ്യൂഗിൾ വായിക്കുന്നത് കാണാം. മറ്റു ചിലപ്പോൾ ഹൈറേഞ്ചിലെ കയറ്റിറക്കങ്ങളിൽ ജീപ്പ് ഡ്രൈവറായും നഗരത്തിന്റെ തിരക്കുകളിൽ UBER Taxy ഡ്രൈവറായും കാണാം. ഒരു കെട്ടിടത്തിന്റെ പെയിന്റ് പണിക്കിടയിലും സൗണ്ട് സ്റ്റുഡിയോയിൽ റെക്കോർഡിസ്റ്റായും സിനിമാ ലൊക്കേഷനിൽ ക്യാമറ അസിസ്റ്റന്റായും കാണാം. അവനെ എവിടെയും കാണാം. എങ്ങനെയും കാണാം.
ക്യാമറ അസിസ്റ്റന്റായും അസിസ്റ്റന്റ് ക്യാമറാമാനായും ഷോർട്ട് ഫിലിം ചെയ്തും കുറേ കാലത്തെ അറിവുകൾക്കും അനുഭവങ്ങൾക്കും ശേഷം 2016ൽ സ്വതന്ത്രമായി ഒരു സിനിമക്ക് ക്യാമറ ചെയ്ത് അതിന്റെ റിലീസിനായി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കോഴിക്കോട് വെച്ച് സാമിനൊരു ആക്സിഡന്റ് ഉണ്ടാകുന്നത്. സാം ഓടിച്ചിരുന്ന ബൈക്കിൽ ഒരു ജീപ്പ് വന്നിടിച്ച് തലക്കും മുഖത്തിനും ഗുരുതരമായ പരുക്ക് പറ്റി ഹോസ്പിറ്റലൈസ് ചെയ്തു. തലക്ക് മാത്രം മൂന്നോ നാലോ ഓപ്പറേഷനുകൾക്ക് ശേഷം അവനെ റൂമിലേക്ക് മാറ്റിയപ്പോൾ അവന്റെ രൂപം കണ്ട് വല്ലാതെ തകർന്നു പോയി ഞാനന്ന്. കണ്ണകളുടെ കാഴ്ച നഷ്ടപ്പെടാനും കുറേക്കാലമെങ്കിലും എഴുന്നേറ്റിരിക്കാൻ പോലുമാകാതെ കിടപ്പിലായിപ്പോകാനും സാധ്യതയുണ്ടെന്നു കൂടി അറിഞ്ഞപ്പോൾ എന്റെ എല്ലാ ധൈര്യവും ചോർന്ന് പോയി.
കുറച്ച് ദിവസങ്ങൾ അവനാരേയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്റെ മുഖത്തേക്ക് നോക്കി നിങ്ങളാരാണെന്ന് ചോദിക്കുന്നത് പോലെ ഒന്നും മിണ്ടാതെ കിടന്ന സാമിന്റെ രൂപം ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്. പക്ഷെ, ഉള്ളിലെ എല്ലാ പേടികളേയും സംശയങ്ങളേയും ഒളിച്ച് വെച്ച് അവന് ധൈര്യം നൽകാൻ, ആത്മവിശ്വാസം നൽകാൻ, പ്രതീക്ഷ നൽകാൻ ഞാൻ എന്നാലാവും വിധം പരിശ്രമിച്ച് കൊണ്ടിരുന്നു. 'മതി ഇവിടെ ഇങ്ങനെ കിടന്നത്. പെട്ടെന്ന് എണീറ്റ് വാ.. നമുക്ക് അടുത്ത പടം ചെയ്യണം' എന്ന് ഞാൻ പറയുമ്പോഴൊക്കെ അവനിൽ പുതിയ ഒരു ഊർജ്ജം നിറയുന്നതും ആ ആഗ്രഹത്തിൽ, അപകടം അവനിൽ ഏൽപിച്ച മുറിവുകൾ വളരെ വേഗം കരിഞ്ഞ് പോകുന്നതും ഒരത്ഭുതത്തോടെ ഞങ്ങൾ തിരിച്ചറിയാൻ തുടങ്ങി.
അതെ, ആദ്യം മരിച്ചെന്നും പിന്നീട് മരിക്കാറായെന്നും കാഴ്ച നഷ്ടപ്പെടുമെന്നും പാരലൈസ്ഡ് ആകുമെന്നും പറഞ്ഞവരെയും അങ്ങനെ ഭയപ്പെട്ടവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, മരണത്തിന്റെ കൊട്ടാരവാതിൽക്കൽ ചെന്ന് എനിക്കിനിയും സിനിമകൾ ചെയ്യണമെന്നും അതിന് ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ടതുണ്ടെന്നും' ഉറക്കെ വിളിച്ച് പറഞ്ഞ് ദൈവത്തിനൊരു നിറഞ്ഞ നന്ദിയും പറഞ്ഞ് അവൻ തിരിച്ചു വന്നു. അധികം വൈകാതെ 'ആളൊരുക്കം' എന്ന സിനിമയും ചെയ്തു. ആരേയും തിരിച്ചറിയാതെയും ആരോടും സംസാരിക്കാനാവാതെയും ദിവസങ്ങളോളം ആശുപത്രി കിടക്കയിൽ കിടന്നപ്പോഴും മനസ്സിൽ വീണ്ടുമൊരു സിനിമ ചെയ്യുന്നതിനെ കുറിച്ചാണ് ചിന്തിച്ചിരുന്നതെന്ന് അവൻ പിന്നീട് പറഞ്ഞു. ആ ആത്മവിശ്വാസം, ജീവിതത്തിന്റെ എല്ലാ വെല്ലുവിളികളേയും നേരിടാനുള്ള ആത്മധൈര്യം അതൊന്ന് കൊണ്ട് മാത്രമാണ് അവനിന്ന് സന്തോഷവാനായിരിക്കുന്നതെന്ന് ഉറപ്പിച്ച് പറയാനാകും. 'ആളൊരുക്കം' എന്ന ചിത്രത്തിലൂടെ സാമിനൊരു തിരിച്ചുവരവ് നടത്താൻ അവസരം നൽകിയ സംവിധായകനും നിർമ്മാതാവിനും ദൈവത്തിനും നന്ദി.
സാമേ.. ഇന്ന് ജീവിതത്തിലൊരു തിരിച്ചടിയുണ്ടാകുമ്പോൾ ഏറെ പ്രിയപ്പെട്ടതും വളരെയേറെ കഷ്ടപ്പെട്ടതും യാതൊരു ദയവുമില്ലാതെ കൈവിട്ട് പോകുന്നുവെന്ന് തോന്നുമ്പോഴും മനസ്സ് നിരാശകൊണ്ട് മരവിക്കാൻ തുടങ്ങുമ്പോഴും എന്റെ ചിന്തകൾക്ക് ചൂട് പകരുന്നതും മുന്നോട്ട് തന്നെ നടക്കാൻ ധൈര്യം നൽകുന്നതും നിന്റെ ജീവിതം കാണിച്ചു തന്ന ആത്മവിശ്വാസമാണ്. ഇനിയുമേറെ നല്ല സിനിമകൾ ചെയ്യാനും നിന്നിലെ ക്യാമറാമാനെ ലോകം അംഗീകരിക്കാനും ദൈവത്തിന്റെ അനുഗ്രഹം എന്നും നിന്നോടൊപ്പമുണ്ടാകട്ടെ.
സ്നേഹപൂർവ്വം
ജയൻ വന്നേരി