‘നാളെ കേരളത്തിന് അവധിയായിരിക്കും അതിനുള്ള നിർദേശം നൽകിയിട്ടാണ് ഞാൻ കളി കാണാനിരിക്കുന്നത്...’ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ വാക്കുകള്‍. എന്തിനാ സി.എമ്മേ നിങ്ങൾ ഇൗ നിർണായക നിമിഷത്തിൽ സത്യനോട് അങ്ങനെ പറഞ്ഞത്. ‘അവന്റെ ഉള്ളിലൊരു കനലുണ്ട്. ഞാനതൊന്ന് ഉൗതി കൊടുത്തതേയുള്ളൂ...’. കേരളത്തിന്‍റെ ചരിത്രത്തില്‍ അവിസ്മരണീയമായ ആ രംഗം മലയാളി കണ്ടു ക്യാപ്റ്റന്‍ എന്ന സിനിമയില്‍. 

1991ലെ സന്തോഷ്ട്രോഫി മൽസരത്തിന് നിമിഷങ്ങൾക്ക് മുന്‍പ് കേരള ടീം ക്യാപ്റ്റന്‍ വി.പി. സത്യനെ തേടിയെത്തിയ ആ ഫോൺകോൾ. കപ്പടിക്കുന്ന ആവേശത്തിലേക്ക് നീണ്ട അതേ ഫോൺകോൾ ഇന്ന് ടീമിലെ അംഗങ്ങളുടെ ഫോണിനൊപ്പം നിർത്താതെ ശബ്ദിക്കുകയാണ് ക്യാപ്റ്റന്റെ അണിയറക്കാരുടെയും ഫോണുകൾ. കേരളത്തിന്റെ സന്തോഷം കളിക്കളത്തിലെ കളി തിരശീലയിലെ ആവേശമാക്കി മാറ്റിയവരിലേക്കും.  

 

    ചരിത്രം ഒന്നുംകൂടി പിറന്നു. മലയാളികളുടെ പ്രാർഥന സഫലമായി. വർഷങ്ങൾക്ക്് ശേഷം സന്തോഷ്ട്രോഫിയിൽ കേരളം മുത്തമിടുമ്പോൾ ക്യാപ്റ്റൻ സിനിമ നിർണായകമാകുന്നു. കേരളത്തിന് ആ പഴയ ഉൗർജം തിരിച്ചുതന്നതിന്. സന്തോഷ്ട്രോഫിക്കായി അന്ന് കേരളം കണ്ണുംനട്ടിരുന്ന കാഴ്ച ഇൗ തലമുറയ്ക്ക് അനുഭവമാക്കിയതിന്. ചിത്രത്തിന്റെ സംവിധായകനും ഇത് അഭിമാന മൂഹൂര്‍ത്തം. വാക്കുകൾ കൊണ്ട് പറയാനാവാത്ത ചരിത്രത്തെ ദൃശ്യങ്ങൾ കൊണ്ട് വരച്ചിട്ടയാൾക്ക് പോലും എന്തുപറയണമെന്നറിയാത്ത അവസ്ഥ. ക്യാപ്റ്റന്റെ സംവിധായകൻ ജി.പ്രജേഷ്സെൻ മനോരമന്യൂസ് ഡോട്കോമിനോട് ആ സന്തോഷം പങ്കുവയ്ച്ചു.

 

 

‘എന്താണ് പറയേണ്ടത്, ദേ ഇപ്പോഴും ടിവിയുടെ മുന്നിലിരിക്കുകയാണ്. സത്യേട്ടന്റെ ആ സ്വപ്നനേട്ടത്തിന് ആക്ഷൻ പറഞ്ഞപ്പോഴുണ്ടായ അതേ ആവേശത്തോടെ, കുറച്ച് മുൻപ് അനിത ചേച്ചിയെ വിളിച്ചതേയുള്ളൂ . ചേച്ചിക്കും വാക്കുകളില്ല. ഇന്നലെ ഞങ്ങൾ രാഹുലിനെ വിളിച്ച് ഒരു ഒാൾ ദി ബെസ്റ്റ് പറഞ്ഞിരുന്നു. സിനിമ പകർന്ന ഉൗർജം അവർ പങ്കുവയ്ക്കുകയും ചെയ്തു. എനിക്ക് ഒരുപാട് സന്തോഷം തോന്നിയത് ഇന്ന് കളിച്ച കേരളത്തിന്റെ താരങ്ങളും പരിശീലകനും ക്യാപ്റ്റൻ കണ്ടിരുന്നുവെന്ന് എന്നോട് പറഞ്ഞപ്പോഴാണ്. അതെ, രാഹുൽ എന്നോട് പറഞ്ഞ  ആ വാക്കുകൾ സത്യമായിരിക്കുന്നു. ക്യാപ്റ്റൻ കരുത്തുതെളിയിച്ചു. ഇത് ഞങ്ങളുടെയും ക്യാപ്റ്റന്റെയും നിയോഗമാണ്. ക്യാപ്റ്റനെന്ന സിനിമയും വർഷങ്ങൾക്ക് ശേഷമുള്ള ഇൗ നേട്ടവും നിയോഗമല്ലാതെ മറ്റെന്താണ്...’ 

 

അതെ, ഇതൊരു നിയോഗമാണ്. പഴയ പ്രൗഢിയെ ഒന്നോർമപ്പെടുത്തിയപ്പോൾ മലയാളിയുടെ കാൽപ്പന്തുവീര്യം തകർത്തത് ബംഗാളിന്റെ അപ്രമാധിത്യത്തെ കൂടിയാണ്. അന്ന് കോയമ്പത്തൂരിൽ ഗോവയെ സത്യന്റെ ക്യാപ്റ്റൻസിയിൽ തകർത്തു. ഇന്ന് ബംഗാളിനെ കൊൽക്കത്തയിൽ രാഹുലിന്റെ നേതൃത്വത്തിൽ. ഇങ്ങ് വെള്ളിത്തിരയിലെ ക്യാപ്റ്റന്റെ നിയോഗം കണ്ട് സന്തോഷിക്കുന്നവരിൽ മലയാളിക്കൊപ്പം ഇൗ സിനിമയുടെ അണിയറക്കാരും പിന്നെ സാക്ഷാൽ സത്യനും.