രാജ്യത്തെ സമ്പന്നരിൽ ഒന്നാമതുള്ള മുകേഷ് അംമ്പാനിയുടെ മകൻ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുള്ള വിവാഹനിശ്ചയം ആണ് വാര്‍ത്തകളില്‍ നിറയെ. സ്കൂൾ കാലം മുതൽ ഇരുവരും ഉറ്റചങ്ങാതിമാർ. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാഭ്യാസ കാലഘട്ടം മുതൽ ഇരുവരും സഹപാഠികളായിരുന്നു. ലോകത്തെ തന്നെ വൻകിട ഡയമണ്ട് വ്യാപാരിയായ റൂസൽ മെഹ്തയുടെ ഇളയമകളാണ് ശ്ലോക. ഇരുവരുടെയും വിവാഹം ഡിസംബറിലുണ്ടാകുമെന്നാണ് സൂചന. സമൂഹ്യപ്രവർത്തനത്തിലും ശ്ലോക മുൻപന്തിയിലാണ്. കണക്ട് ഫോർ എന്ന സാമൂഹ്യസംഘടനയിലൂടെയാണ് ശ്ലോകയുടെ പ്രവർത്തനം. പ്രിൻസിറ്റൻ സർവകലാശാലയിൽ നിന്ന് നരവംശശാസത്രത്തിൽ ബിരുദവും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും നിയമത്തിലും പൊളിറ്റിക്കൽ സയൻസിലും ഉന്നതബിരുദവും നേടി ശ്ലോക. നിലവിൽ റോസി ബ്ലൂ ഡയമൺഡ്സിന്റെ ഡയറക്ടർമാരിൽ ഒരാളാണ് ശ്ലോക. രാജ്യം തന്നെ കാത്തിരിക്കുന്ന വിവാഹത്തിനായുള്ള ഒരുക്കങ്ങളിലാണ് ഇരുകുടുംബവും.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായതുകൊണ്ടു തന്നെ വിവാഹനിശ്ചയത്തിൽ ഇരുകുടുംബങ്ങളിലുള്ളവരും കാഷ്വല്‍ ലുക്കിൽ തന്നെയാണെത്തിയത്. എങ്കിലും അംബാനിയുടെ മരുമകളാകാൻ പോകുന്ന ശ്ലോകയുടെ ലുക് അൽപം വ്യത്യസ്തവുമായിരുന്നു, വജ്രരാജകുമാരിയാകുമ്പോൾ വസ്ത്രവും അതിനനുസരിച്ചു വിലപിടിപ്പുള്ളതായിരിക്കുമല്ലോ എന്നാണ് പലരുടെയും ചിന്ത, പക്ഷേ ആ ധാരണയെ തെറ്റിക്കുകയായിരുന്നു ശ്ലോക.
ചടങ്ങിൽ മുകേഷ് അംബാനിയും ഭാര്യ നിതയും അമ്മ കോകില ബെന്നുമൊക്കെ അധികം ആർഭാടമില്ലാത്ത വസ്ത്രങ്ങളാണ് ധരിച്ചത്. ആകാശ് ആകട്ടെ നോട്ടിക്കൽ ലൈന്‍ ടീഷർട്ടും വൈറ്റ് പാന്റ്സും ബ്ലൂ ബ്ലേസറും ധരിച്ചാണ് ചടങ്ങിനെത്തിയത്. ശ്ലോക ധരിച്ച ഗൗണും ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പ്രതീക്ഷിച്ചതുപോലെ ലക്ഷങ്ങൾ വിലപിടിപ്പുള്ള വസ്ത്രമൊന്നുമായിരുന്നില്ല അത്. ഡോവ് ഗ്രേ നിറത്തിലുള്ള മേരീ ഗൗൺ ഡിസൈനാണ് ശ്ലോക ധരിച്ചത്.
എംബ്രോയ്ഡറിയും ഫ്ലില്ലും ലേസുമൊക്കെ നിറഞ്ഞ വസ്ത്രത്തിന്റെ വില എൺപതിനായിരത്തി അഞ്ഞൂറു രൂപയാണത്രേ. സെലിബ്രിറ്റികൾ തങ്ങളുടെ സ്പെഷൽ ദിനങ്ങൾ കൂടുതൽ മെമറബിളാക്കാൻ ബ്രാൻഡുകളും പ്രൈസ് ടാഗുകളും നോക്കി ലക്ഷങ്ങളുടെ മാത്രം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വജ്രവ്യാപാരിയുടെ മകൾ ലളിതമാക്കിയതാണോ എന്നു സംശയിക്കുന്നവരും ഉണ്ട്. വസ്ത്രത്തിനു ചേരുന്ന മിനിമല്‍ മേക്കപ്പും ആഭരണങ്ങളുമായിരുന്നു ശ്ലോക അണിഞ്ഞത്.
ഗോവയിൽ നടന്ന ലളിതമായ വിവാഹ നിശ്ചയ ചടങ്ങിനു പുറമെ കഴിഞ്ഞ ദിവസം സിനിമാ–ബിസിനസ് രംഗത്തെ സുഹൃത്തുക്കൾക്കായി അംബാനി കുടുംബം ഗ്രാന്റ് പാർട്ടിയും ഒരുക്കിയിരുന്നു. മുംബൈയിലെ വസതിയിൽ വച്ചു നടത്തിയ പാർട്ടിയിൽ സിനിമാലോകത്തു നിന്നും ഷാരൂഖ് ഖാൻ, ഗൗരി ഖാൻ, ഐശ്വര്യ റായ് ബച്ചൻ, കരൺ ജോഹർ, കത്രീന കൈഫ്, കിരൺ റാവു, ജോൺ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തിരുന്നു.
സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതോർക്കുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് ആകാശ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ശ്ലോക ഏറെ സ്പെഷലാണ്, ഒപ്പം ഹൃദയ വിശാലതയുള്ളവളുമാണെന്നും ആകാശ് പറഞ്ഞു. എത്രയൊക്കെ തിരക്കുകൾക്കിടയിലും ബന്ധം കാത്തുസൂക്ഷിക്കാൻ തങ്ങൾ സമയം കണ്ടെത്തിയിരുന്നുവെന്ന് ശ്ലോക പറയുന്നു. നല്ല സുഹൃത്തുക്കളായി തുടങ്ങി പ്രണയത്തിലേക്കു വഴിമാറിയ തങ്ങൾ ഏറെ ഭാഗ്യമുള്ളവരാണ്, ഒപ്പം ഇത്രയേറെ പിന്തുണ നൽകുന്ന കുടുംബങ്ങളും ഭാഗ്യമാണെന്നും ശ്ലോക പറയുന്നു.