നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് എന്തും സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബി.ആര്‍. വിജയലക്ഷ്മി. ഈ നിശ്ചയദാര്‍ഢ്യമാണ് ഏഷ്യയിലെ ആദ്യത്തെ വനിതാ സിനിമാറ്റോഗ്രഫറാകാന്‍ വിജയലക്ഷ്മിയെ പ്രേരിപ്പിച്ചത്. മലയാളത്തിലും തമിഴിലുമായി അന്‍പതിലധികം സിനിമകള്‍ക്കാണ് വിജയലക്ഷ്മി ക്യാമറ ചലിപ്പിച്ചത്.
ഛായാഗ്രാഹക, സംവിധായിക, തിരക്കഥാകൃത്ത്. ബി.ആര്‍. വിജയലക്ഷ്മിക്ക് വിശേഷണങ്ങള്‍ പലതാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിച്ച ചരിത്രമേ വിജയലക്ഷ്മിക്കുള്ളു. 1980ല്‍ നെഞ്ചത്തെ കിള്ളാതെയെന്ന ചിത്രത്തില്‍ ക്യാമറാാന്‍ അശോക് കുമാറിന്റെ സഹായിയായി ആരംഭിച്ച സിനിമാജീവിതം റിലീസിന് ഒരുങ്ങിക്കഴിഞ്ഞ അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രത്തിന്റെ സംവിധായിക എന്ന നിലയിലെത്തി നില്‍ക്കുന്നു.
എണ്‍പതുകളില്‍ ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ കാണിച്ച ധൈര്യം സിനിമയോടുള്ള പ്രണയത്തില്‍ നിന്നാണുണ്ടായത്. മനസുവച്ചാല്‍ സത്രീകള്‍ക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന പക്ഷക്കാരിയാണ് വിജയലക്ഷ്മി. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കുകയാണ് അടുത്ത ലക്ഷ്യം.