മലയാള സിനിമയുടെ അണിയറ വിശേഷങ്ങളുമായി പത്തുവർഷക്കാലം പുറത്തിറങ്ങിയ ‘മമ്മൂട്ടി ടൈംസ്’ ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ. വിനീതും റിനോ ആന്റോയുമാണ് ഫെയ്സ്ബുക്ക് വിഡിയോ വഴി ഇക്കാര്യം പ്രഖ്യാപിച്ചത്. 

 

പുസ്തക രൂപത്തിൽ പുറത്തിറങ്ങിയിരുന്ന മമ്മൂട്ടി ടൈംസ് ഇനി ആദ്യം ഓൺലൈൻ രൂപത്തിലാണ് എത്തുക. പിന്നാലെ അച്ചടി രൂപത്തിലുമെത്തുമെന്നും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർ നാഷനൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് പറഞ്ഞു. എ.എച്ച് റഫീഖിനു തന്നെയാണ് മമ്മൂട്ടി ടൈംസിന്റെ ചുമതല.

 

മമ്മൂട്ടിയുടെയും അദ്ദേഹത്തിന്റെ സിനിമകളുടെയും വാർത്തകൾക്കൊപ്പം മറ്റ് സിനിമാ വിശേഷങ്ങൾ ഉൾപ്പെടുത്തിയാണ് ഇക്കുറിയും മമ്മൂട്ടി ടൈംസ് എത്തുക.