ശിക്കാരി ശംഭു സിനിമയുടെ ടൈറ്റില്‍ വിവാദത്തിന് വിരാമം. പേര് ഉപയോഗിക്കാനുള്ള അനുമതി ഒത്തുതീര്‍പ്പിലൂടെ സ്വന്തമാക്കിയതായി നിര്‍മാതാവ് എസ്.കെ. ലോറന്‍സ് പറഞ്ഞു. സിനിമയുടെ രണ്ടാംഭാഗം ആലോചനയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബാലരമയിലൂടെ മലയാളിക്കും സുപരിചിതനാണ് ശിക്കാരി ശംഭു. അബദ്ധങ്ങളിലൂടെ വിജയം സ്വന്തമാക്കിയ രസികനായ വേട്ടക്കാരന്‍. കഥാപാത്രവുമായി ബന്ധമില്ലെങ്കിലും സുഗീത് ഒരുക്കിയ ചിത്രത്തിന് ശിക്കാരി ശംഭു എന്നുപേരിട്ടത് കഥയിലെ കൗതുകം കാരണമായിരുന്നു. കുഞ്ചാക്കോ ബോബന്‍റെ ഈവര്‍ഷത്തെ ഹിറ്റ് ചിത്രമായി ശിക്കാരി ശംഭു മാറി. പക്ഷെ, പേര് ഉപയോഗിച്ചതിനെതിരെ മുംബൈയിലെ കമ്പനി കോടതിയെ സമീപിച്ചു. ഏയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്. കെ. ലോറന്‍സാണ് സിനിമ നിര്‍മിച്ചത്. കോടതിയുടെ നിര്‍ദേശപ്രകാരം നഷ്ടപരിഹാരം നല്‍കി പേരിന്റെ ഉടമസ്ഥാവകാശം നിര്‍മാതാവ് സ്വന്തമാക്കി. അതോടെയാണ് ചിത്രത്തിന്റെ രണ്ടാംഭാഗം ആലോചനയിലേക്ക് വന്നത്