യുവനടികളിൽ തമിഴകത്ത് ഏറ്റവും കൂടുതൽ മൂല്യമുളള നടിയുളള കീർത്തി സുരേഷ്. നയൻതാരയ്ക്ക് ശേഷം തമിഴ് സിനിമാലോകം നെഞ്ചിലേറ്റിയ മലയാള നടി. മലയാളത്തിൽ ചിത്രങ്ങളില്ലെങ്കിലും തമിഴിൽ കീർത്തിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ലേഡിസൂപ്പർസ്റ്റാർ നയൻതാരയുടെ പിൻഗാമിയെന്ന് കീർത്തിയെ തമിഴകം വാഴ്ത്തുകയും ചെയ്തു.

എന്നാൽ ലേഡിസുപ്പർസ്റ്റാറിനെ അതേപടി കീർത്തി അനുകരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ യൂണിറ്റ് അംഗങ്ങൾക്ക് നയൻതാര വാച്ചുകൾ സമ്മാനം നൽകിയതു പോലെ തന്റെ പുതിയ ചിത്രം മഹാനടിയിലെ സഹപ്രവർത്തകർക്ക് സ്വർണനാണയങ്ങൾ സമ്മാനമായി നൽകിയാണ് കീർത്തി സഹപ്രവർത്തകരുടെ മനം കവർന്നത്. 

തെന്നിന്ത്യൻ സിനിമാലോകം കീഴടക്കിയ സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി. സാവിത്രിയായാണ് കീർത്തിയുടെ പുതിയ രൂപമാറ്റം. സെറ്റിലുളളവർക്ക് സ്വർണനാണയം സമ്മാനമായി നൽകുന്ന സാവിത്രിയുടെ രീതി പിന്തുടർന്നാണ് കീർത്തി സ്വർണനാണയം വിതരണം ചെയ്തതെന്നും റിപ്പോർട്ടുകൾ ഉണ്ട്. കീർത്തിക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് സാവിത്രി. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവും പ്രശസ്ത നടനുമായ ജെമിനി ഗണേശനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, സമാന്ത  എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.