പിതാവ് വിനോദ് രാജിന്‍റെ ഓര്‍മകളില്‍ വികാരാധീനനായി നടൻ വിക്രം. വലിയ നടനാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഒരു പാട് കഷ്ടപ്പെട്ടു, കാത്തിരുന്നു, പക്ഷെ വലിയ വേഷങ്ങളൊന്നും ലഭിച്ചില്ല. നല്ല സുന്ദരനായിരുന്നു അദ്ദേഹം. ഒരുപക്ഷെ എന്നെക്കാള്‍. ശരിക്കും ഹോളിവുഡ് നടനെപ്പോലിരിക്കുമായിരുന്നു. തനിക്ക് അതിന്റെ പത്തിലൊന്നു പോലും സൗന്ദര്യം ലഭിച്ചിട്ടില്ല. അച്ഛന്റെ ആഗ്രഹം തന്നിലൂടെ സഫലീകരിക്കപ്പെട്ടു എന്നു കരുതുന്നു.– മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛന്‍റെ ഓര്‍മകളില്‍ വിക്രമിന്‍റെ കണ്ണുകളില്‍ ചെറുനനവ്. രണ്ടാഴ്ച മുമ്പാണ് വിക്രമിന്‍റെ അച്ഛന്‍ അന്തരിച്ചത്.
‘അച്ഛന് അഭിനയം പാഷനായിരുന്നു. ഞാൻ വലിയ റോളുകളെക്കുറിച്ചു പറയുമ്പോൾ അച്ഛൻ ടിവി കാണുകയായിരിക്കും. ഒരിക്കൽ അന്യനിൽ അഭിനയിച്ച കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഇനി പിന്നെ പറയാം എന്നു പറഞ്ഞ് നിർത്തി. അച്ഛൻ അപ്പോഴത്തെ ഒരു സീരിയലിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടായിരുന്നു. ആ സീൻ വരാറായി എന്ന് പറഞ്ഞാണ് നിർത്തിച്ചത്. അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള പാഷനാണ് അവിടെക്കണ്ടത്.’
കുപ്പത്തൊട്ടിയിലാണെങ്കിലും അവിടെയും മികച്ചതായിരിക്കണമെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. അങ്ങനെയാണ് സിനിമയിൽ മാത്രമല്ല, ഡബ്ബിങ്ങിലും ശ്രദ്ധിച്ചു തുടങ്ങിയത്. തമിഴിൽ ശബ്ദത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്ന നടന്മാരിൽ മുൻപന്തിയിലായിരിക്കും താൻ. അബ്ബാസിനൊക്കെ ശബ്ദം നൽകിയിരുന്നു. പിന്നീട് തന്റെ ശബ്ദത്തിന്റെ യുനീക്നസ് നഷ്ടപ്പെടുമെന്ന് തോന്നിയപ്പോഴാണ് നിർത്തിയത്– വിക്രം പറഞ്ഞു. വിഡിയോ