മകളെക്കുറിച്ച് പൊതുവെ അഭിമുഖത്തിലൊന്നും പങ്കുവയ്ക്കാത്ത ആളാണ് പൃഥ്വിരാജ്. മകളുടെ സ്വകാര്യതയെ മാനിക്കുന്നതുകൊണ്ടാണത്. മകൾ സ്കൂളിൽ പോകാൻ തുടങ്ങിയതിനെക്കുറിച്ചൊക്കെ ആധിയോടെ പൃഥ്വി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ മകളുടെ കുറുമ്പിനെക്കുറിച്ച് രാജു തുറന്നുപറയുന്നു. 

 

‘അലംകൃതയ്ക്ക് സ്‌കൂളില്‍ പോകുന്നത് ഇഷ്ടമാണ്. രാവിലെ ബെഡില്‍ നിന്ന് വിളിച്ച് എണീപ്പിക്കുന്നത് തന്നെ സ്‌കൂളിന്റെ കാര്യം പറഞ്ഞാണ്. ഇനിയും എണീറ്റില്ലെങ്കില്‍ സ്‌കൂളില്‍ വിടില്ല എന്നു പറഞ്ഞാല്‍ അപ്പോള്‍ തന്നെ ചാടിയെണീക്കും.

 

സ്കൂളില്‍ കുറേ കൂട്ടുകാര്‍ ഉണ്ട്. ചിലരുടെ പേരൊക്കെ പറയാറുണ്ട്.  മകളുടെ പ്രകൃതം വെച്ച് സ്‌കൂളില്‍ അടിപിടിയുണ്ടാകേണ്ടതാണ്. ഇതുവരെ പരാതിയൊന്നും വന്നിട്ടില്ല.’ – ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു. എല്ലാ വീട്ടിലും പോലെ അമ്മ സ്ട്രിക്ടും അച്ഛന്‍ സോഫ്ട് ടൈപ്പും ആണ്. ഇവിടെയും അതുപോലെ തന്നെ. ഞാന്‍ വീട്ടില്‍ വരാറുള്ളപ്പോഴാണ് അവള്‍ക്ക് കുസൃതി കൂടുന്നതെന്ന ധാരണ വീട്ടുകാര്‍ക്ക് ഉണ്ട്. അമ്മ (മല്ലിക സുകുമാരൻ) പറഞ്ഞിട്ടുണ്ട് എന്നെ കണ്ടാല്‍ അവള്‍ക്ക് പേടിയാണെന്ന്. പക്ഷേ, ആ പേടി ഞാന്‍ കാണുന്നില്ല. എല്ലാ പരാതികളും പറയുന്നത് അമ്മയോടാണ്. ഡാഡ വഴക്കുപറഞ്ഞു, മമ്മ അതുചെയ്തു ഇതു ചെയ്തു, എല്ലാവര്‍ക്കും അടികൊടുക്കൂ എന്നൊക്കെ അവള്‍ അമ്മയോട് പറയും– വീട്ടുവിശേഷങ്ങൾ രാജുപങ്കുവച്ചു. അലംക‌ൃതയെ നോക്കുന്നത് പത്ത് ആനയെ മേയ്ക്കുന്നതിനു തുല്യമാണെന്ന് പറഞ്ഞ മല്ലിക സുകുമാരൻ തമാശരൂപേണ ഒരിക്കൽ പറഞ്ഞിരുന്നു.