കസബയെ ചൊല്ലിയുളള വാദപ്രതിവാദങ്ങൾക്ക് അവസാനമാകുന്നില്ല. പാർവതിയെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് അതേ നാണയത്തിൽ പാർവതിയുടെ മറുപടി. പാർവതിയുടെ പേര് പറയാതെ ജൂഡ് നടത്തിയ വിമർശനത്തിന് പേര് പറയാതെ തന്നെയായിരുന്നു പാർവതിയുടെ വിമർശനം. 

സർക്കസ് കൂടാരത്തിന്റെ കഥ പറഞ്ഞു കൊണ്ടായിരുന്നു ജൂഡിന്റെ വിമർശനം. ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ.

വിമർശനം തന്നെ പറ്റിയെന്ന് ബോധ്യപ്പെട്ടതോടെ പാർവതിയുടെ മുഖമടച്ചുളള മറുപടി ഉടൻ തന്നെ വന്നു. വിരൽ ചൂണ്ടി OMKV  എന്ന ട്രോൾ വാക്കു കൊണ്ട് എമ്പ്രോയിഡറി ചെയ്ത ഒരു ചിത്രമാണ് പാർവതി മറുപടിയായി നൽകിയത്. ഫെമിനിച്ച് സ്പീക്കിങ് എന്ന ഹാഷ് ടാഗും പാർവതി നൽകിയിരുന്നു. 

ജൂഡിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ പാർവതിക്കു മറുപടിയുമായി ജൂഡും രംഗത്തു വന്നു. നന്നായിരിക്കുന്നു എന്ന തലക്കെട്ടോടെ പാർവതിയുടെ പോസ്റ്റ് ഷെയർ ചെയ്താണ് റീമ കല്ലിക്കൽ പ്രതികരിച്ചത്. 

ചലച്ചിത്രമേളയിൽ ഓപ്പൺ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു കസബയെക്കുറിച്ചുള്ള പാർവതിയുടെ പ്രതികരണം. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാർവതി ചിത്രത്തെ കുറിച്ചു പറഞ്ഞത്. പിന്നീട് ഗീതു മോഹൻദാസ് നിർബന്ധിച്ചപ്പോഴാണ് പാർവതി കസബ എന്ന് എടുത്തു പറഞ്ഞത്.