മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ തൃശൂരില്‍ നിന്നൊരു മ്യൂസിക് ബാന്‍ഡ്. പിങ്ക് ഫൈവ് എന്ന പേരില്‍ അഞ്ചു വര്‍ഷമായി സജീവമാണ് ഈ മ്യൂസിക് ബാന്‍ഡ്. 

 

ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഉള്‍പ്പെടെ അഞ്ചു പേരാണ് പിങ്ക് ഫൈവ് ബാന്‍ഡിലെ അംഗങ്ങള്‍. എല്ലുരോഗ വിദഗ്ധനായ ഡോക്ടര്‍ സി.ഗോപിനാഥ്, ഡെന്റല്‍ സര്‍ജനായ ഡോക്ടര്‍ ബാബു ജോസഫ്, എന്‍ജീനിയര്‍മാരായ മോമി എബ്രഹാം, ജോണി പി ഡേവിസ്, ഗിറ്റാര്‍ അധ്യാപകരായ ജോയല്‍ ജോസഫ്എന്നിവരാണ് മ്യൂസിക് ബാന്‍ഡില്‍ അണിനിരന്നിട്ടുള്ള കലാകാരന്‍മാര്‍. ഓരോ ആഴ്ചയുടെ അവസാനവും ഇവര്‍ ഒത്തുക്കൂടും. പിന്നെ, മണിക്കൂറുകള്‍ നീളുന്ന പരിശീലനം. 

 

മൂന്നാറിലും കൊച്ചിയിലും പിങ്ക് ഫൈവ് ബാന്‍ഡിന്റെ സ്ഥിരം വേദികളുണ്ട്. പശ്ചാത്യ സംഗീതം മാത്രമാണ് ഇതുവരെ ഇവര്‍ കൈകാര്യം ചെയ്തിട്ടുള്ളത്. സംഗീതത്തെ ഹൃദയത്തിലേറ്റുന്നവരാണ് ഓരോരുത്തരും. നാല്‍പത്തിയഞ്ചു വര്‍ഷമായി തൃശൂരില്‍ ഗിറ്റാര്‍ അധ്യാപകനാണ് ജോയല്‍ ജോസഫ്. പിങ്ക് ഫൈവ് ബാന്‍ഡിലെ ഗിറ്റാര്‍ കലാകാരന്‍. 

 

ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ എല്ലുരോഗ വിദഗ്ധന്‍ ഡോ.സി.ഗോപിനാഥ് ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും സംഗീതം കൈവിട്ടില്ല. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ സേവനം ചെയ്യുന്നു. ഒപ്പം, മ്യൂസിക് ബാന്‍ഡുമായി മുന്നോട്ടു പോകുന്നു. 

 

വ്യവസായിയും എന്‍ജിനീയറുമായ ജോണി പി ഡേവിഡാണ് സംഘത്തിലെ മുതിര്‍ന്ന പ്രായക്കാരന്‍. സാക്സോഫോണും ഫ്ളൂട്ടുമാണ് കൈകാര്യം ചെയ്യുന്നത്. എന്‍ജിനീയറായ മോമി എബ്രഹാമാണ് പിങ്ക് ഫൈവ് ബാന്‍ഡിന്റെ ആത്മാവ്. ഈ അഞ്ചു പേരെയും കണ്ടെത്തിയതും ഒറ്റക്കുടക്കീഴില്‍ അണിനിരത്തിയതും മോമിയാണ്. ഇംഗ്ലിഷ് പാട്ടുകള്‍ മാത്രമേ ഈ ബാന്‍ഡില്‍ നിന്ന് പ്രതീക്ഷിക്കാവൂ. 

 

ഗിറ്റാര്‍ അധ്യാപകനായ റിനോയ് ജോര്‍ജാണ് പിങ്ക് ഫൈവ് ബാന്‍ഡിലെ കുട്ടി. തൃശൂര്‍ തിരൂരില്‍ ഗിറ്റാര്‍ സ്കൂള്‍ നടത്തി വരുന്നതിനിടെയാണ് ബാന്‍ഡിനൊപ്പം ചേര്‍ന്നത്. എല്ലാ മാസവും സംഗീതവിരുന്നുണ്ട്. കൂടുതലും കൊച്ചിയിലാണെന്ന് മാത്രം. പുതിയ ആളുകള്‍ സംഘത്തോടൊപ്പം ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും തല്‍ക്കാല്‍ പിങ്ക് ഫൈവ് കൂട്ടായ്മയില്‍ ഒഴിവില്ല.