rohini

 

ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ നടിയായിരുന്നു രോഹിണി. എൺപതുകളിൽ റഹ്മാൻ– രോഹിണി ജോടികൾ മലയാള സിനിമയിലെ വിജയ ഫോർമുലയായിരുന്നു. മാതൃഭാഷയായ തെലുങ്കു സിനിമയിലുള്ളവര്‍ പോലും മലയാളിയാണെന്നാണു വിചാരിച്ചിരുന്നതെന്നു പറയുന്നു രോഹിണി. താൻ ഏറ്റവും ഗോസിപ്പുകൾ കേട്ടിട്ടുള്ളത് നടൻ റഹ്മാനൊപ്പമായിരുന്നുവെന്നും രോഹിണി ഓര്‍ക്കുന്നു.

 

എന്നാൽ, തനിക്ക്് പ്രണയം തോന്നിയിട്ടുള്ളത് നടൻ രഘുവരനോട് മാത്രമായിരുന്നുവെന്ന് രോഹിണി മഴവിൽ‌ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ വ്യക്തമാക്കി. രഘുവിനെ പ്രണയിച്ച് വിവാഹം കഴിച്ച രോഹിണി പിന്നീട് വിവാഹ ജീവിതം വേർപെടുത്തുകയായിരുന്നു. റിഷി എന്നു പേരുള്ള ഒരു മകനുണ്ട് ഇവർക്ക്. 

 

രഘുവുമായുള്ള വേർപിരിയലിന് കുറച്ച് വർഷങ്ങൾക്ക് ശേഷം രഘുവരൻ മരിച്ചു. രഘുവുമായി പിരിഞ്ഞശേഷം എന്തുകൊണ്ട് മറ്റൊരു വിവാഹത്തിന് ശ്രമിച്ചില്ലെന്ന് മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നും പരിപാടിയിൽ എത്തിയപ്പോൾ റിമി ടോമി രോഹിണിയോട് ചോദിച്ചു. അതിനുള്ള രോഹിണിയുടെ മറുപടി ഏല്ലാവരുടേയും കണ്ണുനിറയ്ക്കുന്നതായിരുന്നു.

 

എനിക്കൊരു രണ്ടാനമ്മയുണ്ടായിരുന്നു. എന്റെ ചെറുപ്രായത്തിൽ അമ്മ മരിച്ചതാണ്. അതുെകാണ്ട് ഒരു രണ്ടാനച്ഛൻ ഉണ്ടായാൽ അതു റിഷിയെ എങ്ങനെ ബാധിക്കുമെന്ന് തനിക്കു ഭയയമുണ്ട്. ഇപ്പോൾ നല്ല സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. റിഷിക്കു പൂർണ ശ്രദ്ധ കൊടുക്കാൻ പറ്റുന്നുണ്ട്. ഞങ്ങൾക്കിടയിൽ ആരുമില്ല, രണ്ടുപേരെയും നോക്കിക്കോളാം എന്നു പറഞ്ഞു വരുന്ന ഒരാളെയും ഇതുവരെ കണ്ടിട്ടുമില്ല.-രോഹിണി പറഞ്ഞു.

 

''രഘു നല്ല സ്നേഹമുള്ളയാളായിരുന്നു. ആരുവന്നു േചാദിച്ചാലും എന്തു വേണമെങ്കിലും കൊടുക്കും. അഡിക്ഷൻ എന്ന അസുഖമായിരുന്നു പ്രശ്നം. ഞാൻ ആ രോഗത്തോടു തോറ്റുപോയി. രഘുവിനെ അതിൽ നിന്നും പുറത്തു കൊണ്ടുവരാൻ ഒരുപാടു ശ്രമിച്ചെങ്കിലും സാധിച്ചില്ല. മകനെയും അതു ബാധിക്കുമെന്നു തോന്നിയപ്പോഴാണ് പിരിയാൻ തീരുമാനിച്ചത്. രഘുവിനെയും രക്ഷപ്പെടുത്തണം എന്നു വിചാരിച്ചെങ്കിലും അഞ്ചു വയസ്സുള്ള മകനെയോർത്തപ്പോഴാണ് പിരിഞ്ഞത്. തന്റെ ആദ്യപ്രണയമായിരുന്നു രഘുവെന്നും േരാഹിണി പറഞ്ഞു.