മലയാള സിനിമയിലെ ജെന്റിൽമാനായിരുന്നു അബി. മദ്യം തൊടാത്ത ആരോടും കലഹിക്കാത്ത, സൗഹൃദത്തോടെ മാത്രം ഇടപെടുന്ന ഒരാളായിട്ടാണ് അബിയെ സിനിമാലോകം വിലയിരുത്തന്നത്. അവസരങ്ങൾക്കു വേണ്ടി അലഞ്ഞില്ല. അർഹതപ്പെട്ടത് അകന്നു നിന്നപ്പോഴും പരിഭവിച്ചില്ല. മരിക്കുന്നതിന് തൊട്ട് തലേന്ന് (29–11–2017) അബിയുമായി പങ്ക് വെച്ച അവസാനത്തെ നിമിഷങ്ങളെ കുറിച്ച് സുഹൃത്ത് ഷെരീഫ് ചുങ്കത്ത് സമൂഹമാധ്യമങ്ങളിലിട്ട വൈകാരികമായ കുറിപ്പ് വൈറലായി.
അബിയുടെ അവസാനവേദി ഷെരിഫുമൊത്ത് കാറിൽ ചെലവഴിച്ച നിമിഷങ്ങളായിരുന്നു. 29–ാം തിയതി ഉച്ചകഴിഞ്ഞ് വീട്ടിലിരിക്കുമ്പോഴാണ് അബിയുടെ വിളി ഷെരിഫിനെ തേടിയെത്തുന്നത്. അത്യാവശ്യമായി ഒരീടം വരെ പോകണം. നീ വിട്ടിലേയ്ക്ക് വാ, എന്റെ കൂടെ നീ വരണം. രണ്ട് മണിക്ക് ഷെരീഫ് അബിയുടെ വീട്ടിലെത്തി. ചേർത്തല കായ്പുറം എന്ന സ്ഥലം വരെ പോകണം. വൈദ്യനെ കാണണം കുറച്ചു മരുന്നു വാങ്ങണം. അബിയോടോപ്പം ഷെരീഫ് ചേർത്തലയിലേയ്ക്ക് യാത്ര തിരിച്ചു. ആയുർവേദം കഴിച്ചിട്ട് ഇക്കയുടെ അസുഖം ഭേദമാകുന്നില്ലെങ്കിൽ വേറെ ഏതെങ്കിലും ഹോസ്പിറ്റലിൽ നമുക്ക് പോയാലോ എന്ന ചോദ്യത്തിന് ഇതും കൂടി നോക്കാം കുറഞ്ഞില്ലെങ്കിൽ അമേരിക്കയിൽ ചികിൽസ തേടാമെന്നായിരുന്നു അബിയുടെ മറുപടി.
ചേർത്തലയിലെ വൈദ്യന്റെ ചികിത്സയിൽ അസുഖം പൂർണമായി മാറുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. വൈദ്യനെ കണ്ട് തിരിച്ചു വരുന്ന വഴി മനസ് തുറന്ന് ഒരുപാട് കാര്യങ്ങൾ അബി തന്നോട് സംസാരിച്ചെന്ന് ഷെരീഫ് പറയുന്നു. 35 വർഷത്തെ മിമിക്രി ജീവിത്തെ കുറിച്ചും മകൻ ഷെയിൻ നിഗത്തെ കുറിച്ചുമെല്ലാം സംസാരിച്ചു. ആരോടും പരിഭവമില്ലെന്നും കൂടെ കൂടെ പറഞ്ഞു.
അവസാനം ഞങ്ങൾ പിരിയുന്നതിന് മുൻപ് വണ്ടിയിൽ ഇരുന്ന് ഒരുപാട് സിനിമ നടൻമാരെ അനുകരിക്കുകയും കോമഡി പറഞ്ഞ് പൊട്ടി ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു.ആ നിമിഷം ഞാൻ ഒരിക്കലും കരുതിയില്ല ഇത് മിമിക്രിയുടെ സുൽത്താൻ അവതരിപ്പിക്കുന്ന അവസാന വേദിയാകും ഇതെന്ന്, അവസാന ഓഡിയൻസാകും ഈ ഞാനെന്ന്.
വീട്ടിലെത്തി പിരിയാൻ നേരം അബീക്ക എന്നോട് പറഞ്ഞു ഞാൻ കുറെ കാലങ്ങൾക്ക് ശേഷം ഒരുപാട് മനസ്സ് തുറന്ന് സന്തോഷിച്ച യാത്രയായിരുന്നു ഇതെന്ന് നാളെ രാവിലെ നീ ഒന്നു കൂടി വരണം നമുക്ക് വേറെ ഒരു സ്ഥലത്ത് കൂടി പോകണം ഞാൻ വിളിക്കാമെന്നു പറഞ്ഞു അബീക്ക എന്നെ വീട്ടിലേക്കയച്ചു. ഇന്ന് രാവിലെ അബീക്കയുടെ ഫോൺ കോൾ കണ്ട് സലാം പറഞ്ഞ് ഫോണെടുക്കമ്പോൾ അങ്ങേതലക്കലിൽ ഒരു വിതുമ്പുന്ന ഇടറിയ ശബ്ദത്തിൽ അബീക്ക പോയി എന്ന് പറഞ്ഞ് പൊട്ടിക്കരച്ചിൽ ഇത് കേട്ടതും ഞെട്ടിതരിച്ച് ഷോക്കേറ്റപോലെ അവസ്ഥയിൽ എന്റെ കണ്ണു നറഞ്ഞു. അബീക്ക നമുക്കൊരുമിച്ച് ഒരു യാത്ര പോകണമെന്ന് പറഞ്ഞിട്ട് എന്നെന്നേക്കുമായി ഞങ്ങളെ വിട്ട് പോയല്ലോ. പരലോക ജീവിതം വിജയത്തിലാക്കാൻ ആത്മാർത്ഥമായ പ്രാർത്ഥന മാത്രമാണ് ഈ അനുജന് പകരം തരാനുള്ളൂ. ഷെരീഫ് കുറിച്ചു.
അബിയുമൊത്തുമുളള അവസാന നിമിഷങ്ങളെ കുറിച്ചുളള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി. കണ്ണീർ നനവുളള ഈ കുറിപ്പ് അബിയുടെ മരണം പോലെ നൊമ്പരപ്പെടുത്തുന്നതായി.