അന്തരിച്ച നടി തൊടുപുഴ വാസന്തിയോട് മാപ്പപേക്ഷിച്ച്കൊണ്ട് കുഞ്ചാക്കോ ബോബന്റെ ഫേസ് ബുക്ക് പോസ്റ്റ്. അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച കലാകാരിക്ക്,അവർക്കാവശ്യമുള്ള സമയത്തു സഹായം ചെയ്യാൻ വൈകിയതിന് മാപ്പപേക്ഷിച്ചു കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു !! എന്നാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പിലുള്ളത്. ഒട്ടേറെ സിനിമകളിൽ അഭിനയിച്ച തൊടുപുഴ വാസന്തി കാൻസർ ബാധിതയായി അവസാന സമയത്ത് ചികിത്സയ്ക്ക് പോലും പണമില്ലാതെയാണ് മരിച്ചത്. 

 

സിനിമ, നാടക നടിയെന്ന തൊടുപുഴ വാസന്തി അര്‍ബുദരോഗബാധിതയായി ചികില്‍സയിലിരിക്കെയാണ് അന്തരിച്ചത്. 65 വയസായിരുന്നു. മലയാളത്തില്‍ 450 ചിത്രങ്ങളില്‍ വാസന്തി അഭിനയിച്ചിട്ടുണ്ട്.  ഉദയയുടെ ധർമക്ഷേത്രേ കുരുക്ഷേത്രേ എന്ന സിനിമയില്‍ നൃത്തം അവതരിപ്പിച്ചായിരുന്നു വെളളിത്തിരയിലെ അരങ്ങേറ്റം. എന്റെ നീലാകാശം എന്ന സിനിമയിലാണ് കഥാപാത്രം ലഭിക്കുന്നത്.1982ൽ പുറത്തിറങ്ങിയ ആലോലം സിനിമയിലെ ജാനകിയെന്ന വേഷം വാസന്തിയെ ശ്രദ്ധേയയാക്കി. 2016ൽ 'ഇതു താൻടാ പൊലീസ്' എന്നതാണ് ഒടുവിലത്തെ ചിത്രം. 16 സീരിയലുകളിലും നൂറിലേറെ നാടകങ്ങളിലും വേഷമിട്ടു. നാടകാഭിനയത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.