അശ്വിൻ പിഎസ് സംവിധാനം ചെയ്ത മീനാക്ഷി എന്ന ആൽബമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സംസാര വിഷയം. ഏറെ ശ്രദ്ധ നേടുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ആളെ കൂട്ടുകയാണ്. ഒളിച്ചോടാൻ നേരവും ഒരു ടെൻഷനും കാണിക്കാതെ മഴയൊക്കെ ആസ്വദിച്ച് വളരെ കൂളായിട്ടിരിക്കുന്ന മീനാക്ഷിയാണ് ആൽബത്തിലെ നായിക. ആ സമയത്തും അവൾ പാട്ടുന്ന പാട്ട് ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.
മതിലും ചാടിക്കടന്ന് ഒളിച്ചോടാൻ തയ്യാറായിരിക്കുന്ന രണ്ടു പ്രണയിതാക്കളുടെ പാട്ടാണ് മീനാക്ഷി. കൂട്ടുകാരൻ വണ്ടിയും കൊണ്ടു വന്നിട്ടു വേണം പോകാൻ. ആ ഇടവേളയിലാണ് ഈ പാട്ട്. നായികയുടെ ചിരിയും വർത്തമാനവും പാട്ടിന്റെ താളവും ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ക്ലൈമാക്സിലെ ഡയലോഗിനാണ് കയ്യടി. ആൽബത്തിൽ സജേഷ് നമ്പ്യാറും അർഷ ബൈജുവുമാണ് അഭിനയിച്ചിരിക്കുന്നത്. ജ്യോതി ലക്ഷ്മിയാണ് പാട്ട് പാടിയത്. ബാക്കിങ് വോക്കൽ അജിത്.ജി.കൃഷ്ണന്റേതാണ്. ജെറി സൈമണിന്റേതാണ് പാട്ടിനെ ഏറെ മനോഹരമാക്കിയ ഛായാഗ്രഹണം.