ജിമ്മിക്കി കമ്മൽ അങ്കമാലിയിലെ കലിപ്പ് പയ്യനെന്ന അപ്പാനിയുടെ ഇമേജ് പൊളിച്ചെഴുതുന്നതായിരുന്നു. ജിമ്മിക്കി കമ്മലോടെ അപ്പാനി റിയാലിറ്റി ഷോകളിലെ മിന്നും അതിഥി താരമായി. അത്തരം ഷോകളിലെത്തിയാൽ രണ്ടു ചുവടുവയ്ക്കാതെ ശരത്തിനെ ആരും വിടാറുമില്ല. മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസ് അപ്പാനിയുടെ മറ്റൊരു തകർപ്പൻ ഫെർഫോമൻസിനാണ് സാക്ഷ്യം വഹിച്ചത്. 

'മുല്ലപ്പൂം പല്ലിലോ മുക്കൂറ്റി കവിളിലോ'... എന്ന പാട്ടിനൊപ്പമുള്ള അപ്പാനി ശരത്തിന്റെ ഡാൻസ് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ തരംഗമായി

 പഴയ പ്രണയഗാനത്തിന്റെ വരികൾക്ക് മോഡേൺ പ്രണയത്തിന്റെ മട്ടും ഭാവവും നല്‍കി രസകരമായി അവതരിപ്പിച്ച ഡാൻസായിരുന്നുവത്. മിഥില, മനു ഇമ്മാനുവേൽ എന്നിവരടങ്ങിയ ജോഡിയായിരുന്നു ആദ്യം ഈ ഡാൻസ് ചെയ്തത്. 

ഡാൻസിനേക്കാൾ ഇവരുടെ അഭിനയം ഇഷ്ടമാണെന്ന് പറഞ്ഞ അപ്പാനിയോട് പാട്ടിൽ മൈം ചെയ്യാൻ പരിപാടിയുടെ അവതാരകർ പറയുകയായിരുന്നു. ചെയ്യാമെന്ന് സമ്മതിച്ച ഏവരുടേയും മനസു കീഴടക്കി. വലിയ റിഹേഴ്സൽ ഒന്നും ചെയ്യാതെ തന്നെ അപ്പാനി സംഭവം ഗംഭീരമാക്കി.പ്രശസ്ത കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്ററിനോടൊപ്പം താൻ പാടിയഭിനയിച്ച വൈറൽ ഗാനം ജിമ്മിക്കി കമ്മലിനോടൊപ്പവും ശരത് ചുവടുവച്ചു.