manchatti-1

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം.  കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന മൂല്യച്യുതിയുടെ നേര്‍ക്കാഴ്ചകൂടിയാണ്  മണ്‍ചട്ടിയെന്ന ചിത്രം.

 

ഗ്രാമീണാന്തരീക്ഷത്തില്‍ ആരംഭിക്കുന്ന ചിത്രം ഒരു വ്യക്തിയുടെ യാത്രയിലൂടെയാണ് പുരോഗമിക്കുന്നത്. യാത്രയ്ക്കൊടുവില്‍ ഇയാള്‍ ഒരു മണ്‍പാത്രം തിരഞ്ഞെ‌ടുത്ത് മടങ്ങുന്നു. പാത്രത്തിന്‍റെ യഥാര്‍ഥ ഉപയോഗമെന്തെന്ന് വ്യക്തമാകുന്നത് ചിത്രത്തിന്‍റെ ഒടുവില്‍മാത്രം. അപ്പന്‍റെ ചരമവാര്‍ഷികത്തിന്‍റെ പരസ്യം നല്‍കുന്നതിലും, സദ്യ നടത്തുന്നതിലും മേനിനടിക്കുന്ന മകന്‍ പക്ഷേ മാതാപിതാക്കളുടെ സംരക്ഷണത്തില്‍കാണിക്കുന്ന അലംഭാവമാണ് ചിത്രത്തിന്‍റെ പ്രമേയം. ഒപ്പം മാതാപിതാക്കളോട് കാണിച്ച അതേ അനുഭവം മകനും വന്നുചേരുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

 

യഥാര്‍ഥസംഭവത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ഹ്രസ്വചിത്രം അവതരണ മികവിലും വേറിട്ട് നില്‍ക്കുന്നു. കവിയൂര്‍ പൊന്നമ്മ, ഹരീഷ് പേരടി, കലാഭവന്‍ ഹനീഫ്, നസീര്‍ സംക്രാന്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടനാട് മേഖലയിലായിരുന്നു ചിത്രീകരണം.