sathyan-anthikkad-mohanlal

നടന്‍ ഇന്നസെന്റിന്റെ പുസ്തക പ്രകാശനം തൃശൂരില്‍ നടക്കുകയാണ്. പുസ്തകം പരിചയപ്പെടുത്താന്‍ സത്യന്‍ അന്തിക്കാടിനെ അധ്യക്ഷന്‍ ക്ഷണിച്ചു. ഇന്നസെന്റിന്റെ പുസ്തകങ്ങളില്‍ കാണുന്ന രസകരമായ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങി. പുസ്തകത്തില്‍ പരിചയപ്പെടുത്തുന്ന ഓരോരുത്തരുടെ പേരുകളിലെ കൗതുകമായിരുന്നു വിഷയം. കഥപാത്രങ്ങളെ ഇരിങ്ങാലക്കുടയില്‍ കാണാം. പുസ്തകത്തില്‍ പരാമര്‍ശമുള്ള കഥാപാത്രങ്ങള്‍ പലരും പ്രകാശന ചടങ്ങിന് എത്തിയിട്ടുമുണ്ട്. പിന്നെയാണ്, സത്യന്‍ അന്തിക്കാട് ആ സത്യം വെളിപ്പെടുത്തിയത്.

ഭീംസിങ്ങ് കാ ബേട്ട രാംസിങ്

1986 ജുലൈ നാലിന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായിരുന്നു ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്. മലയാളികളെ ഏറെ ചിരിപ്പിച്ച നന്‍മയുള്ള ചിത്രം. നായക കഥാപാത്രം ഗൂര്‍ഖയായി പ്രവേശിക്കുന്ന സീന്‍ . ഹൗസിങ് കോളനിയുടെ കാവല്‍ക്കാരനാകാന്‍ എത്തിയ ഗൂര്‍ഖ അഭ്യാസ പ്രകടനങ്ങള്‍ നടത്തി കോളനിക്കാരെ കയ്യിലെടുക്കുകയാണ്. പത്രത്തില്‍ പരസ്യം കണ്ട് എത്തിയ ഗൂര്‍ഖയാണെന്ന് തിരിച്ചറിയുമ്പോള്‍ ആകാംക്ഷയോടെ ഗൂര്‍ഖയോട് ചോദിക്കുകയാണ് എന്താ പേര്?.... ഭീംസിങ്ങ് കാ ബേട്ട രാംസിങ്. മോഹന്‍ലാല്‍ ഈ സീനില്‍ പറയുന്ന പേര് മലയാളി ഒരിക്കലും മറക്കില്ല. ഭീംസിങ് കാ ബേട്ട രാംസിങ് എന്ന പേര് ആരാണ് ഇട്ടതെന്ന് നിങ്ങള്‍ക്ക് അറിയാമോ? സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ചോദിച്ചു. നടന്‍ ഇന്നസെന്റാണ് ആ പേര് സംഭാവന ചെയ്തത്. തിരക്കഥയുടെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഒരു ദിവസം ഇന്നസെന്റ് എത്തി. ആ സമയത്ത് ഗൂര്‍ഖയുടെ സീനായിരുന്നു ഡിസ്ക്കഷന്‍ . ഗൂര്‍ഖയുടെ പേര് എന്തിടുമെന്ന് ചോദിച്ചപ്പോള്‍ നിമിഷ നേരം കൊണ്ട് ഇന്നസെന്റ് പറഞ്ഞു. ഭീംസിങ് കാ ബേട്ട രാംസിങ്. ഇരിങ്ങാലക്കുടയില്‍ സ്ഥിരമായി ഒരു ഗൂര്‍ഖ രാത്രികാലങ്ങളില്‍ കറങ്ങിയിരുന്നു. ഇന്നസെന്റിന്റെ വീടിനു മുമ്പിലൂടെ വിസിലൂതി പാഞ്ഞിരുന്ന പാഞ്ഞിരുന്ന ഗൂര്‍ഖയായിരുന്നു രാംസിങ്. 

shobhana

കാറിത്തുപ്പിയായ ‘കാര്‍തുമ്പി’

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം തേന്‍മാവിന്‍ കൊമ്പത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് ഓര്‍ത്തു പറയാമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ മലയാളി ഒറ്റപ്പേരായിരിക്കും പറയുക. ‘‘കാര്‍ത്തുമ്പി’’. ശോഭന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മീനാക്ഷിപ്പുരത്തേയ്ക്ക് കാളവണ്ടിയില്‍ ലിഫ്റ്റ് ചോദിച്ചെത്തുന്ന കന്നഡക്കാരി. കാളവണ്ടിയില്‍ കയറിയിരുന്ന ശോഭനയെ കണ്ട് ദേഷ്യത്തോടെ പാഞ്ഞടുക്കുന്ന മോഹന്‍ലാല്‍ പേര് ചോദിക്കുന്നുണ്ട് ആ സീനില്‍ . ‘‘കാര്‍ത്തുമ്പി’’.. ശോഭന മറുപടി പറയുമ്പോള്‍ മോഹന്‍ലാല്‍ തിരിച്ചുചോദിക്കുന്നത് ആര്... കാറിത്തുപ്പിയെന്നോ?... ഏറെ ചിരിപ്പടര്‍ത്തിയ ഈ സീനില്‍ ശോഭനയുടെ പേര് മലയാളിയുടെ മനസിലേക്കാണ് വണ്ടിക്കയറിയത്. ഈ കഥാപാത്രത്തിന് പേരിട്ടതും ഇന്നസെന്റാണ്. കര്‍ണാടകയില്‍ ഇന്നസെന്റിനൊരു തീപ്പെട്ടിക്കമ്പനിയുണ്ടായിരുന്നു. അവിടെ ജോലിക്കു വന്നിരുന്ന പെണ്‍കുട്ടിയുടെ പേരായിരുന്നു കാര്‍ത്തുമ്പി. കന്നഡക്കാരിയായ കഥാപാത്രത്തിന്റെ പേര് പ്രിയദര്‍ശന്‍ ആലോചിക്കുമ്പോഴാണ് ഇന്നസെന്റ് ഇങ്ങനെയൊരു പേര് പറയുന്നത്. പ്രിയദര്‍ശന്‍ പിന്നെയൊന്നും ആലോചിച്ചില്ല. കഥാപാത്രത്തിന് പേരിട്ടു കാര്‍ത്തുമ്പി. 

Innocent-actor

പേരിടാന്‍ വിദഗ്ധന്‍ 

ഇന്നസെന്റ് പേരിട്ട കഥാപാത്രങ്ങള്‍ ഇനിയുമേറെയുണ്ട് മലയാള സിനിമയില്‍. ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം ചക്കച്ചാപറമ്പില്‍ ജോയ്. ഇരിങ്ങാലക്കുടയില്‍ ചെന്നാല്‍ കാണാം ചക്കച്ചാപറമ്പില്‍ ജോയിയെ. ഇന്നസെന്റിന്റെ നാട്ടുകാരനും സുഹൃത്തുമാണ്. നന്ദനം സിനിമയില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കുമ്പിടിയെന്ന കഥാപാത്രത്തിനും പേരിട്ടത് ഇന്നസെന്റാണ്. മലയാള സിനിമയില്‍ കഥപാത്രങ്ങള്‍ക്കു ഇന്നസെന്റ് ചാര്‍ത്തിയ പേരുകള്‍ മലയാളികള്‍ ഒരിക്കലും മറക്കില്ല.