എച്ച്‌. രാജ സാറെ മെർസൽ വിജയിപ്പിച്ച പോലെ ഞങ്ങളുടെ പടവും വിജയിപ്പിക്കൂ. രാജയോട് ഉദയാനിധി സ്റ്റാലിന്റെ ട്വീറ്റ്. അറ്റ്ലി സംവിധാനം ചെയ്ത വിജയ് ചിത്രം മെർസലിനെതിരെ ഏറ്റവും അധികം വിമർശനവുമായി വന്നവരിൽ ഒരാളാണ് ബി.ജെ.പി നാഷണല്‍ സെക്രട്ടറി എച്ച്.രാജ. ജി.എസ്.ടിയെക്കുറിച്ച് പറയുന്ന ഭാഗവം വെട്ടിമാറ്റണമെന്നും സിനിമയുടെ റിലീസ് മാറ്റിവെയ്ക്കണമെന്നുമുള്ള രാജയുടെ പരാമർശം അറിഞ്ഞോ അറിയാതെയോ മെർസലിന് പ്രമോഷനായിട്ടുണ്ട്. 

 

ഈ പശ്ചാതലത്തിലാണ്  ഇപ്പടി വെല്ലും എന്നപുതിയ ചിത്രത്തിൽ വിവാദഡയലോഗുകൾ ചേർത്ത് ബിജെപി നേതാക്കളെക്കൊണ്ട് പ്രമോഷൻ ചെയ്യിക്കാൻ പരിപാടിയുണ്ടെന്ന്  നായകൻ ഉദയാനിധിയും സംവിധായകൻ ഗൗരവ് നാരായണനും ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞുപറഞ്ഞത്.  എന്ത് ചെയ്തിട്ടും കാര്യമില്ല ഞങ്ങള്‍ സഹായിച്ചാലും ഈ ചിത്രം ഓടില്ലെന്ന് രാജ മറുപടി ട്വീറ്റും നൽകിയിട്ടുണ്ട്.

 

ഏതായാലും ഈ ട്വീറ്റ് സംവിധായകൻ ഏറ്റുപിടിച്ചു. "ബഹുമാനപ്പെട്ട എച്ച്. രാജ സര്‍ ഒരുപാടു നന്ദി ഈ പ്രചാരണത്തിന്. ഇപ്പടി വെല്ലും എന്ന ചിത്രത്തിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും അങ്ങയുടെ ഈ സൗജന്യ പരസ്യ പ്രചാരണത്തിന് കടപ്പെട്ടിരിക്കുന്നു. വിജയ് അണ്ണന് ചെയ്ത് കൊടുത്ത പോലുള്ള അതേ പിന്തുണ ഞങ്ങളും പ്രതീക്ഷിക്കുന്നു." എന്നാണ് ഗൗരവ് മറുപടി നൽകിയിരിക്കുന്നത്. ഇപ്പടി വെല്ലും എന്ന ചിത്രത്തിൽ മഞ്ജിമ മോഹനാണ് നായിക.