ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ കണ്ണല്ലേ; അടിപൊളിയാണെങ്കിലും ഈ പാട്ടിൽ ഒരു ജ്യേഷ്ഠന്റെ മുഴുവൻ സ്നേഹവുമുണ്ട്. അനുജത്തിയുടെ വിവാഹനിശ്ചയത്തിന് ഈ പാട്ടിന് ജീൻപോൾ ലാൽ ചുവടുവച്ചപ്പോൾ കണ്ടു നിന്നവർ ഗൃഹാതുരത്വത്തിലായി. പഞ്ചാബിഹൗസിൽ ലാലാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചത്. ബോളീവുഡ് സിനിമയിലെ വിവാഹങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു മോണിക്കാ ലാലിന്റെ വിവാഹനിശ്ചയം.
ഉത്തേരന്ത്യൻ രീതിയിലുള്ള വേഷത്തിലാണ് ലാലും ജീൻപോൾ ലാലും എത്തിയത്. മോണിക്കയാകട്ടെ അതിമനോഹരമായ ലഹങ്ക അണിഞ്ഞ് സുന്ദരിയായിരുന്നു. വേഷം ഇങ്ങനെയാകുമ്പോൾ രീതിയും നോർത്ത് ഇന്ത്യൻ ആകണമല്ലോ. അടിപൊളി പാട്ടും മേളങ്ങളുമായി ആഢംബരപൂർണമായിരുന്നു മോണിക്കയുടെ വിവാഹനിശ്ചയം. ബോളിവുഡ് ചിത്രങ്ങളിലെ വിവാഹങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മകൾക്കും മകനുമൊപ്പം ലാലും കിടിൽ ഡാൻസ് ചെയ്തു.
ബണ്ടി ഓർ ബബ്ളി എന്ന ചിത്രത്തിൽ ഐശ്വര്യാ റായിയും അഭിഷേകും അമിതാഭ് ബച്ചനും ചേർന്നു പാടിക്കളിച്ച കജ്റാ രേ എന്ന ഗാനത്തിനോടൊപ്പമായിരുന്നു ലാലിന്റെയും മക്കളുടെയും നൃത്തം. ആഡംബര പൂർണമായിരുന്ന വിവാഹ നിശ്ചയ ചടങ്ങ് ഈ ഡാൻസോടു കൂടി ഏവർക്കും അവിസ്മരണീയമായി.
എറണാകുളത്തെ ഒരു ഹോട്ടലിലായിരുന്നു മോണിക്കയുടെ വിവാഹ നിശ്ചയം നടന്നത്. വൻ താരനിരയും ചടങ്ങിന് എത്തിയിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും ഡാൻസിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.