വട്ടിരാജ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ബോബി സിംഹ. തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി വളർന്ന ബോബിയും ഭാര്യ രശ്മി മേനോനും വേര്‍പിരിയുന്നു എന്ന തരത്തില്‍ വാർത്തകൾ പ്രചരിക്കുകയാണ്. എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങളിലും സിനിമാ മാസികകളിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് ബോബി സിംഹ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോബി പ്രതികരണവുമായി രംഗത്തെത്തിയത്. വാര്‍ത്തകള്‍ക്കെതിരെ ഭാര്യ രശ്മിയും സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിട്ടുണ്ടെന്നും സിംഹ പറഞ്ഞു.
'വിവാഹ മോചനവാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ നിരവധി ഫോണ്‍ കോളുകളാണ് എനിക്ക് വന്നത്. എന്റെ അച്ഛനും ബന്ധുക്കളും കൂട്ടുകാരുമെല്ലാം എന്നെ വിളിച്ചു. കടുത്ത രോഷമാണ് എനിക്ക് തോന്നിയത്. പത്ര പ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ സാമൂഹ്യ പ്രതിബന്ധതയുള്ള തൊഴിലാണ്. വാര്‍ത്ത കൊടുക്കുമ്പോള്‍ കുറഞ്ഞത് എന്നോട് ചോദിക്കേണ്ട ഉത്തരവാദിത്തമുണ്ട്. എല്ലാം നിഷേധിച്ച് രശ്മി രംഗത്ത് വന്നിരുന്നു'- ബോബി സിംഹ പറഞ്ഞു. തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം ഹാപ്പി ഡെയ്‌സിന്റെ തമിഴ് റീമേക്കിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ രശ്മിയെ 2016 ലാണ് ബോബി വിവാഹം ചെയ്യുന്നത്. കാതലില്‍ സൊതപ്പുവത് എപ്പടി എന്ന ചിത്രത്തിലൂടെയാണ് സിംഹ സിനിമാ ലോകത്ത് എത്തുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ജിഗര്‍തണ്ട എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും സിംഹ സ്വന്തമാക്കി.