fahad

TOPICS COVERED

മലയാളത്തിന്‍റെ ഫഹദ് ഫാസിലും ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്.എസ്. രാജമൗലിയും ഒന്നിക്കുമ്പോള്‍ ഫാന്‍റസിയില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കില്ല. ആ വിശ്വാസം ഉറപ്പിച്ച് തെലുങ്കില്‍ ഒരുങ്ങുന്ന  ബിഗ് ബജറ്റ് ഫാന്റസി എന്റർറ്റെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിളിന്‍റെ ' ടീസർ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ എസ്.എസ്. രാജമൗലി എത്തുന്നത് നിര്‍മാതാവിന്‍റെ കുപ്പായത്തിലാണ്. ഷോവിങ് ബിസിനസ് ബാനറില്‍ ആർക്കാ മീഡിയാ വർക്ക്സിന്റെ സഹകരണത്തോടെയാണ് ചിത്രം നിർമിക്കുന്നത്.

ഫാന്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ സിനിമാനുഭവമായാണ് ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത്. ഒരു കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന്‍റെ കഥാപാത്രത്തിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. പെൺകുട്ടിയെ അപ്രത്യക്ഷയാക്കുന്ന ഒരു വലിയ മാജിക് കാണിക്കാമെന്ന് ഫഹദ് വാഗ്ദാനം ചെയ്യുന്നതോടെയാണ് ചിത്രത്തിന്‍റെ ടേണിംഗ് പോയിന്‍റ്. ഫഹദ് ഫാസിലിന്‍റെ പതിവിൽ നിന്ന് വ്യത്യസ്തമായ, തമാശ നിറഞ്ഞ കഥാപാത്രാവതരണവും, ബാലതാരത്തിന്‍റെ പ്രകടനവും ടീസറിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുക്കുന്നുണ്ട്. 

donttrouble

ഫാന്റസിയും വിനോദവും സമന്വയിപ്പിച്ച ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. വലിയ വിജയം നേടിയ അല്ലു അര്‍ജുന്‍റെ പുഷ്പ ഫ്രാഞ്ചൈസിക്കു ശേഷം ഫഹദ് ഫാസില്‍ തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഡോണ്ട് ട്രബിൾ ദ ട്രബിൾ. പുഷ്പയിലെ എസ്.പി. ഭൻവർ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് വലിയൊരു ഫാന്‍ ബേസ് തെലുങ്ക് ദേശത്ത് ഫഹദിനുണ്ട്. ഇത്തവണ നായകനായാണ് ഫഹദ് എത്തുന്നത്. ഈ ചിത്രത്തിനു പിന്നാലെ ഓക്സിജൻ എന്നൊരു പ്രോജക്ട് കൂടി ഫഹദിന്‍റേതായി തെലുങ്കില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

തമിഴില്‍ അഥര്‍വയ്ക്കൊപ്പം ഫഹദ് അഭിനയിച്ച ഇദയം മുരളി മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ്. അതിനു പിന്നാലെയാണ് തെലുങ്കില്‍ നിന്നുമുള്ള ചിത്രം എത്തുന്നത്. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ച പാട്രിയറ്റായിരുന്നു ഫഹദിന്റെ അവസാന റിലീസ്. ടൈറ്റില്‍ റോളിലെത്തുന്ന കരാട്ടെ ചന്ദ്രനാണ് മലയാളത്തില്‍ അടുത്തത്. നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന കരാട്ടെ ചന്ദ്രന്‍ ഭാവനാ സ്റ്റുഡിയോസാണ് നിര്‍മിക്കുന്നത്. സിനിമയ്ക്കായി കരാട്ടെ പഠിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. 

ENGLISH SUMMARY:

Fahadh Faasil and SS Rajamouli collaborating on 'Don't Trouble the Trouble' promises an epic fantasy experience. The newly released teaser of this big-budget Telugu entertainer, featuring Fahadh Faasil in the lead and SS Rajamouli as a producer, hints at a unique cinematic journey blending fantasy, humor, and heartfelt moments.