rj-balaji

Image Credit : Facebook

തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' എന്ന ചിത്രത്തിന്‍റെ റിലീസ് മുടങ്ങിയതില്‍ ആരാധകരോട് ക്ഷമ ചോദിച്ച് സംവിധായകന്‍. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആര്‍.ജെ ബാലാജി വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിര്‍മാണ കമ്പനിയായ ഡ്രീം വാരിയര്‍ പിക്ചേഴ്സിന്‍റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസ് മുടങ്ങിയത്. തമിഴ്നാട്, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ രാവിലത്തെ ഷോയാണ് റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് വികാരാധീനനായി ആര്‍.ജെ ബാലാജി ആരാധകര്‍ക്ക് മുന്നിലെത്തിയത്.

 

ബാലാജിയുെട വാക്കുകള്‍ ഇങ്ങനെ...'എല്ലാവര്‍ക്കും നമസ്കാരം. കാറില്‍ ഇരുന്നുളള മറ്റൊരു അപ്ഡേറ്റാണിത്. ഒരുപക്ഷേ അവസാനത്തേത് ആകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യം തന്നെ എല്ലാ ആരാധകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. പടം കാണാനായി രാവിലെ 9 മണിക്ക് അത്രയധികം ദൂരത്ത് നിന്ന് പോലും എത്തിയ ആരാധകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ജീവിതത്തിലെയും വീട്ടിലെയുമെല്ലാം പ്രശ്നങ്ങള്‍ മറക്കാനാണ് നമ്മള്‍ സിനിമ കാണാന്‍ പോകാറ്. എന്നാല്‍ ആ പടം കാണാന്‍ സാധിക്കാതെ പോകുന്നത് അതിലും വലിയ സ്ട്രെസ് ആയി മാറിയതില്‍ ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞാനും ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല' ബാലാജി പറഞ്ഞു.

'പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഇന്ന് വൈകുന്നേരം ആറുമണിയോടെ ചിത്രം തിയറ്ററിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മേയ് 14-ന് സിനിമ റിലീസ് ആകുമെന്നും വലിയ ബ്ലോക്ക്ബസ്റ്റർ ആകുമെന്നും ഞാൻ ഒരുപാട് നാളായി ചിന്തിച്ചിരുന്നു. ഒരുപാട് ആഗ്രഹിച്ചിരുന്നു. എനിക്ക് കരച്ചില്‍ വരുന്നുണ്ട്. ഇന്ന് വൈകുന്നേരം ദൈവം ഈ സിനിമ റിലീസ് ചെയ്യിച്ചു തരുമെന്നും എല്ലാ പ്രശ്നങ്ങളും തീരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരും അതിനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്. സൂര്യ സർ അടക്കം ഒരുപാട് പേർ ഇതിനായി വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. നിങ്ങളോട് എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു'വെന്നും ബാലാജി പറഞ്ഞു.

'പടം എന്തായാലും വൈകുന്നേരം വരും. നല്ല സിനിമയായിരിക്കും. കറുപ്പ് വരും. ഇപ്പോഴും ഒരുപാട് പേർ തടസ്സങ്ങൾ ഉണ്ടാക്കുന്നുണ്ട്, ഒരുപാട് കാര്യങ്ങൾ മറയ്ക്കപ്പെടുന്നുണ്ട്. എങ്കിലും എല്ലാത്തിനെയും മറികടന്ന് ഇന്ന് വൈകുന്നേരം സിനിമ എത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം കൂടെയുണ്ട്, എല്ലാം ശുഭമായി ഭവിക്കും. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. നന്ദിയെന്നും' ആര്‍.ജെ ബാലാജി കൂട്ടിച്ചേര്‍ത്തു.

അതേസമയം ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ എസ്.ആർ. പ്രഭു മെയ് 14 പുലർച്ചെ ഒരുമണിയോടെയാണ് ഷോകൾ റദ്ദാക്കിയ വിവരം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ 9 മണിയുടെ ഷോകൾ റദ്ദാക്കേണ്ടി വന്നതിൽ അദ്ദേഹം പ്രേക്ഷകരോട് മാപ്പപേക്ഷിക്കുകയും ചെയ്തു. ഏകദേശം 50 കോടിക്കു മുകളിലുള്ള സാമ്പത്തിക ബാധ്യതയാണ് സിനിമയുടെ മുന്നിൽ വിലങ്ങുതടിയായി കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

ENGLISH SUMMARY:

Director RJ Balaji has apologized to fans for the delayed release of his film 'Karuppu', starring Tamil superstar Suriya, due to financial difficulties faced by the production company Dream Warrior Pictures. He expressed his deep regret and hopes for the film's release later in the day.