പ്രഭാസിന്‍റെ ഹൊറർ ഫാന്‍റസി ത്രില്ലർ 'രാജാസാബി'ലെ സഞ്ജയ് ദത്തിന്‍റെ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന സഞ്ജയ് ദത്തിന്‍റെ പോസ്റ്ററാണ് അദ്ദേഹത്തിന് ജന്മദിന സമ്മാനമായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.
'ഞങ്ങളുടെ പവർഹൗസ്, വേഴ്സറ്റൈൽ ആക്ടർ സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകൾ, ഏവരേയും നടുക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ആ നിമിഷങ്ങൾക്കായി ഒരുങ്ങിക്കോളൂ...' എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 'രാജാ സാബി'ന്‍റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ഫാമിലി എന്‍റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്‍റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് പ്രദര്‍ശനത്തിനെത്തുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.