Image Crerdit:https://www.instagram.com/hombalefilms/ youtube

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'മഹാവതാർ നരസിംഹ'യുടെ ട്രെയിലറിന് മികച്ച സ്വീകരണം. പുറത്തുവന്ന് വന്ന് മണിക്കൂറുകള്‍ക്കകം ട്രെയിലര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം ത്രീഡി ഫോര്‍മാറ്റിലാണ് റിലീസ് ചെയ്യുന്നത്. അശ്വിന്‍ കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ശിൽപ ധവാൻ, കുശാൽ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്നാണ് നിര്‍മിച്ചിരിക്കുന്നത്. മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. 

ഹിന്ദി, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ബോക്സ് ഓഫീസ് ചിത്രങ്ങളായ കെ.ജി.എഫ് കാന്താര എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷൻസും ചേര്‍ന്നാണ് ആനിമേറ്റഡ് ചിത്രമായ 'മഹാവതാർ നരസിംഹ' നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. മഹാവിഷ്ണുവിന്‍റെ 10 അവതാരങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചലച്ചിത്ര പരമ്പരയുടെ തുടക്കം കൂടിയാണ് 'മഹാവതാർ നരസിംഹ' എന്ന ചിത്രം. 12 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന മഹാവതാർ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ആദ്യ ചിത്രമാണിത്. 2025-ൽ മഹാവതാർ നരസിംഹത്തോടെ ആരംഭിക്കുന്ന ചലച്ചിത്ര പരമ്പര അവസാനിക്കുന്നത് 2037-ൽ മഹാവതാർ കൽക്കി രണ്ടാം ഭാഗത്തോടെയായിരിക്കും. 

2027ല്‍ മഹാവതർ പരശുരാം, 2029ല്‍ മഹാവതാർ രഘുനന്ദൻ ,2031ല്‍ മഹാവതാർ ദ്വാരകാധീഷ് , 2033ല്‍ മഹാവതാർ ഗോകുലാനന്ദ , 2035ല്‍ മഹാവതാർ കൽക്കി ഭാഗം 1 , 2037ല്‍ മഹാവതാർ കൽക്കി രണ്ടാം ഭാഗം എന്നിങ്ങനെയാണ് പരമ്പരയിലെ മറ്റ് സിനിമകളുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കഠിന തപസ്സിലൂടെ ബ്രഹ്മാവില്‍ നിന്ന് ഇഷ്ടവരം നേടിയ ഹിരണ്യകശ്യപുവിന്‍റെയും അദ്ദേഹത്തെ നിഗ്രഹിക്കാന്‍ നരസിംഹാവതാരം പൂണ്ട മഹാവിഷ്ണുവിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. ഹിന്ദു പുരാണത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന ചിത്രം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാകും വിധമാണ് ഒരുക്കിയിരിക്കുന്നത്. 'മഹാവതാർ നരസിംഹ' 2025 ജൂലൈ 25ന് തിയറ്ററുകളിലെത്തും. 

ENGLISH SUMMARY:

Mahavatar Narsimha Trailer: Dharma Rises