jnr-ntr

Image Credit: Facebook

ചലച്ചിത്ര പ്രേമികള്‍ മാത്രമല്ല സൂപ്പര്‍ താരങ്ങള്‍ പോലും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദേവരയുടെ വരവിന്. ജൂനിയര്‍ എൻടിആര്‍ പ്രധാന വേഷത്തിലെത്തുന്ന ദേവരയ്​ക്ക് റിലീസിനു മുന്‍പേ തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ പ്രീമിയര്‍ ഷോയ്ക്ക് 50,000ലേറെ ടിക്കറ്റുകളാണ് ദേവരയുടെ   വിറ്റുപോയിരിക്കുന്നത്. അമേരിക്കയില്‍  ദേവരയ്​ക്ക് 1804  പ്രീമിയര്‍ ഷോയാണ് ഉണ്ടാകുക. മുന്‍കൂര്‍  ബുക്കിങ്ങിലൂടെ അമേരിക്കയില്‍ മാത്രം ഏകദേശം 12.95 കോടി രൂപ ദേവര സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആഗോളതലത്തില്‍ സൂപ്പര്‍ഹിറ്റായ ആര്‍.ആര്‍.ആറിന്  ശേഷം ജൂണിയര്‍ എന്‍ടിആറിന്‍റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്ക്കുണ്ട്. കൊരടാല ശിവയാണ് ദേവര സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് ജാന്‍വി കപൂറാണ്. ദേവരയിലെ ഇരുവരും തമ്മിലുളള നൃത്തരംഗങ്ങള്‍ക്ക് നിറഞ്ഞ കയ്യടിയാണ് സൈബറിടത്ത് നന്നും ലഭിക്കുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്‍ ഇരട്ട വേഷത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത്. രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ദേവര പാര്‍ട്ട് വണ്‍ എന്ന പേരിലാണ് പുറത്തിറങ്ങുന്നത്.

ജൂനിയര്‍ എന്‍ടിആറിനും ജാന്‍വി കപൂറിനും പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ്, ശ്രുതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ദേവരയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും കൊരടാല ശിവ തന്നെയാണ്. നന്ദമുറി തരക റാമറാവു ആർട്സ്, യുവസുധ ആർട്സ് എന്നീ ബാനറുകളിൽ സുധാകർ മിക്കിലിനേനി, കോസരാജു ഹരികൃഷ്ണ, നന്ദമുറി കല്യാണ്‍ റാം എന്നിവരാണ് ചിത്രം ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 

ജൂനിയർ എൻടിആറിന്‍റെ  30-ാം ചിത്രമായ ദേവരയുടെ പ്രഖ്യാപനം 2021 ഏപ്രിലിൽ ആയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പേര് 2023 മെയ്  മാസത്തിലാണ് പ്രഖ്യാപിച്ചത്. ചിത്രത്തിനായി ജാന്‍വി റെക്കോര്‍ഡ് തുകയാണ് പ്രതിലമായി വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രം ഒരു ബ്രഹ്മാണ്ഡ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ജൂനിയര്‍  എന്‍ടിആര്‍ ആരാധകര്‍. തെലുങ്കിന് പുറമെ കന്നട, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍  ചിത്രം‌ സെപ്റ്റംബര്‍ 27ന് തിയറ്ററുകളിലെത്തും. 

ENGLISH SUMMARY:

Jr NTR’s Devara sells over 50000 tickets for premiere shows in USA