trisha-vijay

Image Credit: Pic_re_touch/Facebook

ദളപതി വിജയ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം 'ഗോട്ട്' തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. കേരളത്തില്‍ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെങ്കിലും തമിഴ്നാട്ടിലടക്കം നിറഞ്ഞകയ്യടിയാണ് ചിത്രത്തിന് ലഭിക്കുന്നത്. വിജയ് ഇരട്ട വേഷങ്ങളിലെത്തിയ ഗോട്ടില്‍ തൃഷയുണ്ടെന്ന തരത്തില‍ുളള അഭ്യൂഹങ്ങള്‍ ചിത്രം ഇറങ്ങുന്നതിന് മുന്‍പേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിനാല്‍ തന്നെ ചിത്രത്തിന്‍റെ റിലീസിനായുളള കാത്തിരിപ്പിലായിരുന്നു വിജയ് ആരാധകര്‍. 

സംവിധായകന്‍ വെങ്കട് പ്രഭുവും ആരാധകരെ നിരാശരാക്കാന്‍ തയ്യാറായിരുന്നില്ല. ഗോട്ടില്‍ ഒരു ഡാന്‍സ് രംഗത്തില്‍ തമിഴ് സൂപ്പര്‍ താരം തൃഷ വിജയ്ക്കൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇരുവരുടെയും ഡാന്‍സിന്‍റെ ചില ഭാഗങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു. ഗില്ലി എന്ന ചിത്രത്തിലെ പാട്ട് രംഗത്തില്‍ തൃഷയും വിജയ്​യും ചേര്‍ന്ന് കളിച്ച സ്റ്റെപ്പ് ഗോട്ടിലും ആവര്‍ത്തിച്ചതും ശ്രദ്ധനേടുകയാണ്. വിജയ് തൃഷ ഡേറ്റിങ് വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്ത് ഇഷ്ട ജോഡിയെ ഒന്നിച്ച് സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍. 

വിജയ്​യും തൃഷയും ഒന്നിച്ചെത്തിയ അവസാന ചിത്രം ലിയോ ആയിരുന്നു. വിജയ്​യുടെ നായികാ വേഷത്തിലാണ് ലിയോയില്‍ തൃഷ എത്തിയത്. ലിയോയുടെ റിലീസിന് പിന്നാലെ വിജയ്​ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നുളള തൃഷയുടെ പോസ്റ്റ് കൂടി വൈറലായതോടെ ഡേറ്റിങ് വിവാദങ്ങ‌ള്‍ ചൂടുപിടിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം തമിഴകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഗോട്ടില്‍ ഇരുവരും നൃത്തരംഗത്തില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. 

വിജയ്​യെയും തൃഷയെയും എംജിആര്‍ ജയലളിത ജോഡികളോട് ഉപമിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ഏറെയും. ഇതിനിടെ വിജ​യ് രാഷ്ട്രീയ പ്രവേശം കൂടി പ്രഖ്യാപിച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. ഇതിനെല്ലാം പിന്നാലെയായിരുന്നു ഗോട്ടിലെ ഇരുവരുടെയും നൃത്തരംഗം. ഇതിനായി തൃഷവാങ്ങിയ പ്രതിഫലവും സൈബറിടത്ത് ചൂടന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. . തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഗോട്ടിനായി 1.2 കോടി രൂപയാണ് നിര്‍മ്മാതക്കള്‍ തൃഷയ്ക്ക് നല്‍കിയത്. ചിത്രത്തിലെ പ്രധാന നടിമാര്‍ക്ക് നല്‍കിയതിനെക്കാള്‍ വലിയ തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.