ഈ വര്‍ഷം ഓണത്തിന് ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ മോഹൻലാലിന്റെ മകൾ വിസ്മയയും. വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' ഓഗസ്റ്റിൽ ഓണം റിലീസായി തിയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു ബസിന്റെ വിൻഡോ സീറ്റിലിരുന്ന് അനന്തതയിലേക്ക് നോക്കി ഇരിക്കുന്ന വിസ്മയയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ‘വിസ്മയ തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചത്
'2018'നു ശേഷം ശ്രദ്ധേയനായ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. വിസ്മയ മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ജൂഡ് ആന്തണി ജോസഫ്, അഖിൽ കൃഷ്ണ, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബർ 30-നാണ് ചിത്രത്തിന്റെ പൂജ നടന്നത്. ജെയ്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം: ജോമോൻ ടി. ജോൺ, എഡിറ്റിങ്: ചമൻ ചാക്കോ.