മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ വല്യേട്ടന്‍ റീ റിലീസിനൊരുങ്ങുന്നു. 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇപ്പോഴിതാ വല്യേട്ടനിലെ ഗാനം കൂടുതല്‍ ദൃശ്യമികവോടെ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിറപ്രവര്‍ത്തകര്‍. വല്യേട്ടന്‍ പുറത്തിറങ്ങി 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയിലാണ് ചിത്രം വീണ്ടും റിലീസിനെത്തുന്നത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് വല്യേട്ടന്‍. അറയ്ക്കൽ മാധവനുണ്ണി എന്ന മമ്മൂട്ടി കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമാണ്. അറയ്ക്കല്‍ മാധവനുണ്ണിയുടേയും സഹോദരങ്ങളുടെയും കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ സിദ്ദീഖ്, മനോജ് കെ ജയന്‍, വിജയകുമാര്‍, സുധീഷ് , സായ് കുമാര്‍, ശോഭന എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
'മാനത്തെ മണിത്തുമ്പ മുട്ടിൽ മേട സൂര്യനോ...' എന്ന ഗാനമാണ് ചിത്രത്തിന്‍റെ റീ റിലീസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച്, മോഹൻ സിതാര ഈണമിട്ട് എം.ജി. ശ്രീകുമാറും സംഘവും പാടിയ ഗാനമാണിത്. മാറ്റിനിനൗ എന്ന കമ്പനിയാണ് ഈ ചിത്രം 4k ഡോൾബി അറ്റ്മോസിൽ അവതരിപ്പിക്കുന്നത്. വല്യേട്ടന്‍ ഒക്ടോബർ ആദ്യവാരത്തിൽ വീണ്ടും പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.