അറുപത്തിനാലാം ജന്‍മദിനത്തില്‍ എമ്പുരാന്റെ മാസ്‍ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍. എഫ് ബി പേജിലൂടെയാണ് താരത്തിന്റെ എമ്പുരാന്‍ ലുക്ക് പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. പോസ്റ്ററിനു താഴെ അഭിനയ ചക്രവര്‍ത്തിക്ക് പിറന്നാളാംശംസകള്‍ നേര്‍ന്ന് കമന്റുകള്‍ തിങ്ങിനിറയുകയാണ്. ലാലേട്ടന്‍ ആവേശമാണ്, അതിശയമാണ്, അദ്ഭുതമാണ് എന്നു തുടങ്ങുന്ന കമന്റുകളാണ് പലതും . ലാലേട്ടന്റെ കഥാപാത്രങ്ങളെ ഓര്‍ത്തുകൊണ്ടാണ് പലരും പിറന്നാളാശംസകള്‍ നിറച്ചത്. മുണ്ടുടുക്കാന്‍ അറിയാത്ത പ്രായത്തില്‍ മുണ്ടുടുപ്പിച്ചത് ലാലേട്ടനാണെന്നും, ഓട്ടോറിക്ഷയെ സുന്ദരിയാക്കി കൂടെക്കൂട്ടാന്‍ പ്രേരിപ്പിച്ചതും , പ്രണയിക്കാന്‍ പഠിപ്പിചതും നിങ്ങളാണ് ലാലേട്ടാ എന്നുപറഞ്ഞും കമന്റുപൂരം.
അഭിനയിക്കാന്‍ മാത്രമല്ല, അഭിനയിക്കാതിരിക്കാനും അറിയുന്ന നടനാണ് ലാലെന്ന പത്മരാജന്റെ വാക്കുകളും കൂടി ചേര്‍ത്തും ഒരാള്‍ കമന്റ് ചെയ്തു. ജീവിതത്തിലെ എല്ലാ വൈകാരികതകളെയും അസാമാന്യ പാടവത്തോടെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന നടന്‍, ഇനി വരാനിരിക്കുന്ന കഥാപാത്രങ്ങളെല്ലാം ഒരു ബോണസ് ആയി തോന്നുന്നതും ഇക്കാരണത്താലെന്നും ഒരാള്‍ പറഞ്ഞുവക്കുന്നു.
എമ്പുരാന്റെ പിറന്നാള്‍ദിന പോസ്റ്ററിനും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. എല്‍ടു എമ്പുരാന്‍ എന്ന ലൂസിഫര്‍ സെക്കന്റ് സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ മറ്റൊരു മുഖമായ ഖുറേഷി അബ്രാം എന്ന ഹാഷ്ടാഗോടു കൂടിയാണ് പുതിയ പോസ്റ്റര്‍. മുഴുവനായും വെളുത്ത വസ്ത്രധാരണത്തോടെ പ്രത്യക്ഷപ്പെട്ട ലൂസിഫറില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായി ബ്ലാക്ക് ഗെറ്റപ്പിലാണ് എമ്പുരാനിലെ ലാലിന്റെ പോസ്റ്ററുകള്‍ .സമാധാനം പ്രതിഫലിപ്പിക്കുന്ന വെളുപ്പില്‍ നിന്നും മാറി മാഫിയ ബോസ് ആണെന്നു തോന്നുംവിധമാണ് എമ്പുരാനിലെ ലുക്ക്. ഖുറേഷി എബ്രാമിന്റെ പൈശാചിക സ്വഭാവം തുറന്നുകാട്ടും വിധമുള്ള ഇമേജാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മോഹന്‍ലാല്‍ ക്യാമറയ്ക്കു നേരെ വരുന്നു, ചുറ്റും ആയുധധാരികളായ അംഗരക്ഷകര്‍, കറുപ്പും ചാരക്കളറും ചേര്‍ന്ന പോസ്റ്റര്‍ ഒരു കംപ്ലീറ്റ് എക്സ്പ്ലൊസീവ് ആക്ഷന്‍ സിനിമയെന്ന് തോന്നിപ്പിക്കുന്നതാണ്. ഏതായാലും പിറന്നാള്‍ദിന പോസ്റ്റര്‍ കണ്ട് ഖുറേഷി അബ്രാമിന്റെ വരവിനായി കാത്തിരിക്കുകയാണ് ലാല്‍ ആരാധകര്‍.