ദൃശ്യത്തില്‍ ആദ്യാവസാനം കോണ്‍സ്റ്റബിള്‍ സഹദേവനായി നിറഞ്ഞുനിന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. സഹദേവന്‍ എന്ന കഥാപാത്രം ഷാജോണിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. ഇപ്പോഴിതാ റിട്ട. എസ്.ഐ ആയി വീണ്ടും എത്തുകയാണ് ഷാജോണ്‍. നവാഗതനായ സനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു കൊലപാതകവും അത് അന്വേഷിക്കുന്ന ഒരു സി.ഐ.ഡിയിലൂടെയുമാണ് കഥ പറയുന്നത്.
ബൈജു സന്തോഷ്, സുധീര്‍ കരമന, അനുമോള്‍, പ്രേംകുമാര്‍, അസീസ് നെടുമങ്ങാട്, പൗളി വില്‍സണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീര്‍ഘകാലം പോലീസില്‍ ജോലി ചെയ്ത ശേഷവും ആ തൊഴിലിനോടുള്ള താല്‍പ്പര്യവും കൂറും നിലനില്‍ക്കുന്നതിനാല്‍ ഡിപ്പാര്‍ട്ടുമെന്റിനു സഹായകരമായി പ്രവര്‍ത്തിക്കാനായി ഒരു ഡിറ്റക്ടീവ് സ്ഥാപനം തന്നെ തുടങ്ങുന്ന ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്.