നിതേഷ് തിവാരി ചിത്രം രാമായണയുടെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്. ചിത്രത്തില്‍ ശ്രീരാമനായി എത്തുന്ന രൺബീർ കപൂറിന്‍റെ ദൃശ്യങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കിരീടധാരണം മുതൽ വനവാസം വരെയുള്ള ദൃശ്യങ്ങളാണ് ടീസറില്‍ മിന്നിമറയുന്നത്. ടീസറിന്‍റെ അവസാനം രാവണനായെത്തുന്ന യഷിന്‍റെ ലുക്കിന്‍റ ഒരു സൂചനയും നല്‍കിയിട്ടുണ്ട്. അതേസമയം, യഷിന്‍റെ ലുക്കോ മുഖമോ ടീസറില്‍ വ്യക്തമാക്കിയിട്ടില്ല. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിലെ രണ്‍ബീറിന്‍റെ ലുക്കിനെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയയും. രാമന്‍റെ വേഷത്തിലെത്തുന്ന രണ്‍ബീറിന്‍റെ ഒന്നിലധികം ദൃശ്യങ്ങളും ഭാവങ്ങളുമാണ് ടീസറിലുള്ളത്. ദശരഥ പുത്രനായും അയോധ്യയുടെ രാജാവായും യോദ്ധാവായും നേതാവായും നിമിഷ നേരംകൊണ്ട് രണ്‍ബീര്‍ കപൂര്‍ മിന്നിമറയുന്നു. ചിത്രത്തിന്‍റെ ദൃശ്യങ്ങൾ, ഛായാഗ്രഹണം എന്നിവയും പ്രശംസയേറ്റുവാങ്ങുന്നുണ്ട്. എന്നാല്‍ വിഎഫ്എക്സുകള്‍ക്ക് പ്രതീക്ഷിച്ച നിലവാരമില്ലെന്ന് വിമര്‍ശനങ്ങളുമുണ്ട്. 4000 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ വിഎഫ്എസായി തോന്നുന്നില്ല എന്നാണ് വിമര്‍ശനം. രാവണനായുള്ള യഷിന്‍റെ കൂടുതല്‍‌ ദൃശ്യങ്ങള്‍ വേണ്ടിയിരുന്നു എന്നും സോഷ്യമീഡിയയില്‍ അഭിപ്രായമുണ്ട്.

ലൈവ് ആക്‌ഷൻ സിനിമകൾ പോലെ കൂറ്റൻ സെറ്റ് ഇട്ട് ഹോളിവുഡ് ലെവൽ പ്രൊഡക്‌ഷൻ ക്വാളിറ്റിയിലാണ് ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. രണ്‍ബീറിനെ കൂടാതെ സായി പല്ലവി സീതയായും രവി ഡൂബൈ ലക്ഷ്മണനായും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. ഐ മാക്സിലാണ് പൂർണ ചിത്രീകരണം. ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് എന്നിവയിലെ ആക്ഷൻ മികവുകൊണ്ട് ശ്രദ്ധേയനായ ഗൈ നോറിസ് ആണ് സ്റ്റണ്ട് ഡയറക്ടർ. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ.റഹ്മാനുമാണ് സംഗീതം.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ടുഭാഗമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളിലെത്തും. ആദ്യ ഭാഗത്തിൽ അതിഥിവേഷത്തിലാകും യഷ്. രണ്ടാം ഭാഗത്തിലാകും രാമ– രാവണ യുദ്ധം.  രണ്ട് ഭാഗങ്ങളടക്കം. രണ്ട് ഭാഗങ്ങളും ചേർന്ന് ചിത്രത്തിന്‍ഫെ ബജറ്റ് 4000 കോടിയാണെന്നാണ് നിർമാതാവായ നമിത് മൽഹോത്ര വെളിപ്പെടുത്തിയത്.  

ENGLISH SUMMARY:

The character teaser for Nitesh Tiwari's 'Ramayana' featuring Ranbir Kapoor as Lord Rama has been released. The 2.5-minute teaser showcases Rama's journey from coronation to exile, garnering praise for Ranbir's performance and the cinematography. While fans were thrilled by a glimpse of Yash as Ravana, some expressed disappointment over the VFX quality of the ₹4000 crore project. The film, featuring Sai Pallavi and Sunny Deol, will release in two parts starting Diwali 2026.