വിജയ് സേതുപതി നായകനാകുന്ന പുതിയ തമിഴ് ചിത്രം ട്രെയിനിന്‍റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തമിഴില്‍ വ്യത്യസ്തങ്ങളായ സിനിമ ഒരുക്കിയ സംവിധായകന്‍ മിഷ്കിന്‍റെ പുതിയ സിനിമ എന്നതാണ് പ്രത്യേകത. അഭിനയത്തില്‍ വിസ്മയിപ്പിക്കുന്ന വിജയ് സേതുപതിയും സംവിധാനത്തില്‍ തന്‍റേതായ ശൈലി സൃഷ്ടിച്ച മിഷ്കിനും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം എന്നതാണ് ട്രെയിനിന്‍റെ ഹൈലൈറ്റ്.
ഇപ്പോള്‍ നെറ്റിസണ്‍സ് ചര്‍ച്ച ചെയ്യുന്നത് ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചാണ്. ചെന്നൈയില്‍ നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ഇരുവരും പറഞ്ഞ ഫ്ലാഷ് ബാക്ക് സ്റ്റോറി ഒരു സിനിമാ കഥ പോലെ രസകരമാണ്. സിനിമ അവസരങ്ങള്‍ തേടി നടന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനുകളില്‍ കയറിയിറങ്ങിയും ഒരു സീനിലൊക്കെ മുഖം കാണിച്ചും സിനിമയിലേക്കെത്തിയ കഥ വിജയ് സേതുപതി പലകുറി പറഞ്ഞിട്ടുണ്ട്. വിജയ് സേതുപതിയും മിഷ്കിനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് ആ കാലത്താണ്.
സിനിമ അവസരങ്ങള്‍ തേടി നടന്ന കാലത്ത് ഓഡീഷനു വേണ്ടി മിഷ്കിന്‍റെ മുന്നിലും വിജയ് സേതുപതി എത്തിയിരുന്നു. എന്നാല്‍ ടൈമിംഗ് ഇല്ലെന്നു പറഞ്ഞ് അന്ന് വിജയ് സേതുപതിയെ മിഷ്കിന്‍ പറഞ്ഞയച്ചു. പിന്നീട് പിസ സിനിമയിലൂടെ നായകനിരയിലേക്ക് എത്തിയ വിജയ് സേതുപതിയുടെ തമിഴകത്തെ വളര്‍ച്ച വളരെപ്പെട്ടെന്നായിരുന്നു. മികച്ച നടനായി വിസ്മയിപ്പിച്ച വിജയ് സേതുപതി ഇന്ന് ഇന്ത്യ അറിയപ്പെടുന്ന താരമാണ്.
സംവിധായകന്‍ മിഷ്കിന് വിജയ് സേതുപതിയെ ഓഡീഷന്‍ ചെയ്ത സംഭവം ഓര്‍മയില്ലായിരുന്നു. താരമൂല്യമുള്ള നായകനായി മാറിയതിനു ശേഷം വിജയ് സേതുപതിയെ മിഷ്കിനും സമീപിച്ചു. എന്നാല്‍, 'സര്‍, ഡേറ്റ് ഇല്ല' എന്നു പറഞ്ഞ് താന്‍ ഒഴിവാവുകയായിരുന്നു. കാരണം, അതുവരെ മിഷ്കിന്‍റെ സിനിമകളൊന്നും താന്‍ കണ്ടിരുന്നില്ല. സംവിധാനം ചെയ്ത സിനിമകള്‍ പോലെ അദ്ദേഹവും സൈക്കോ ആയിരിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് വിജയ് സേതുപതി നേരത്തെ പറഞ്ഞിട്ടുണ്ട്.
പിന്നീട്, മിഷ്കിന്‍ സംവിധാനം ചെയ്ത സൈക്കോ എന്ന ചിത്രം കണ്ടതിനു താന്‍ നേരിട്ട് ഫോണ്‍ വിളിക്കുകയായിരുന്നു. വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു സംസാരിച്ചു. എട്ടു മണിക്കൂറോളം ഇരുവരും സിനിമകളെക്കുറിച്ച് സംസാരിച്ചു. ഒരു വിലയേറിയ വാച്ചും സമ്മാനിച്ചാണ് തന്നെ അന്ന് മിഷ്കിന്‍ യാത്രയാക്കിയതെന്നും വിജയ് സേതുപതി ഓര്‍ക്കുന്നു. 2014 ല്‍ മിഷ്കിന്‍റെ പിസാസ് –2 സിനിമയില്‍ രണ്ട് ദിവസം താന്‍ അഭിനയിച്ചിരുന്നു. നായകനായി താന്‍ എത്തുന്നത് ട്രെയിനിലൂടെയാണെന്ന് വിജയ് സേതുപതി പറയുന്നു. ഓഡിയോ ലോഞ്ച് ചടങ്ങില്‍ വിജയ് സേതുപതിയെ ഏറെ പ്രശംസിച്ചായിരുന്നു മിഷ്കിന്‍റെയും വാക്കുകള്‍.
ചിത്തിരം പേസുതടി, അഞ്ജാതേ, യുദ്ധം സെയ്, ഒനായും ആട്ടുകുട്ടിയും, പിസാസ്, തുപ്പരിവാളന്‍, സൈക്കോ തുടങ്ങിയ ശ്രദ്ധേയ സിനിമകളൊരുക്കിയ മിഷ്കിന്‍ ഇന്ന് തമിഴില്‍ ഏറെ തിരക്കുള്ള നടന്‍ കൂടിയാണ്. മാവീരന്‍, ലിയോ, ഡ്രാഗണ്‍, പരിമള ആന്‍ഡ് കോ തുടങ്ങിയ സിനിമകളിലെ മിഷ്കിന്‍റെ റോളുകള്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും നടനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
പരീക്ഷണത്തിനും വ്യത്യസ്തതയ്ക്കും സിനിമകളില്‍ ഇടം സൃഷ്ടിക്കുന്ന സംവിധായകന്‍ 2023 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഓഗസ്റ്റില്‍ തിയറ്ററിലേക്കെത്തുന്നത്. "പൂർണമായും ഒരു ട്രെയിനില്‍ നടക്കുന്ന സിനിമ ഒരുക്കണമെന്ന ആഗ്രഹം വളരെക്കാലമായി ഉണ്ടായിരുന്നു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിന്‍. സിനിമയുടെ ദൈര്‍ഘ്യം പോലെ രണ്ട് മണിക്കൂര്‍ മുപ്പത് മിനിറ്റും കൊണ്ട് യാത്രയും അവസാനിക്കുന്ന ഒരു കഥ പറയണമെന്നാണ് സങ്കല്‍പ്പിച്ചിരുന്നത്. പക്ഷേ, എഴുതി വന്നപ്പോള്‍ അഞ്ച് മണിക്കൂറിനുള്ളിൽ ഒരു ട്രെയിനില്‍ നടക്കുന്ന കഥയാണ് സാധ്യമായത്. ജീവിതത്തില്‍ പ്രതീക്ഷയറ്റ് നിരാശനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്", മിഷ്കിന്‍ പറയുന്നു.
ആക്ഷനും ത്രില്ലറിനും പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍, നരേൻ, നാസർ, കെ.എസ്. രവികുമാർ, സമ്പത്ത് രാജ് തുടങ്ങിയ വലിയ താരനിരയാണ് അണിനിരക്കുന്നത്. ചിത്തിരം പേസുതടി, അഞ്ജാതേ, മുഗമുടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നരേനും മിഷ്കിനും വീണ്ടും ഒന്നിക്കുകയാണ് ചിത്രത്തിലൂടെ. പതിവ് മിഷ്കിന്‍ സിനിമകളില്‍ നിന്നും മാറി വേഗതയേറിയ കഥയും മേക്കിംഗ് സ്റ്റൈലിലുമാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും മിഷ്കിന്‍ തന്നെയാണ്.