റീ റിലീസിനൊരുങ്ങി ഇതിഹാസ ചിത്രം ബാഹുബലി. 'ബാഹുബലി- ദ് ബിഗിനിങ്', 'ബാഹുബലി 2 - ദ് കൺക്ലൂഷൻ' എന്നീ രണ്ട് ഭാഗങ്ങൾ സംയോജിപ്പിച്ച് 'ബാഹുബലി: ദി എപിക്' എന്ന പേരിലാണ് ചിത്രമെത്തുന്നത്. ഒക്ടോബർ 31ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 2 മിനിറ്റും, 30 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളും സൂപ്പർ ഹിറ്റ് ഡയലോഗുകളും ചേർത്തിട്ടുണ്ട്.
ഐതിഹാസിക വിജയം നേടിയ ബാഹുബലി രണ്ട് ഭാഗങ്ങളും ബോക്സ്ഓഫിസിൽ വന്‍ തരംഗമാണ് തീര്‍ത്തത്. 2015ലാണ് ബാഹുബലിയുടെ ആദ്യഭാഗം പുറത്തിറങ്ങിയത്. 2017ല്‍ രണ്ടാംഭാഗവും പുറത്തിറങ്ങി. ആദ്യഭാഗം റിലീസ് ചെയ്തിട്ട് പത്ത് വർഷം തികയുന്നതിന്റെ പശ്ചാത്തലത്തിലാണ് റീ റിലീസ്. 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്യുന്നത്.
അമരേന്ദ്രനായും മഹേന്ദ്ര ബാഹുബലിയായും ഇരട്ട വേഷത്തിൽ പ്രഭാസ്, ദേവസേനയായി അനുഷ്‌ക ഷെട്ടി, ഭല്ലാൽദേവനായി റാണ ദഗ്ഗുബതി, ശിവഗാമി ദേവിയായി രമ്യ കൃഷ്ണ, കട്ടപ്പയായി സത്യരാജ് തുടങ്ങിയവരെ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമരേന്ദ്ര ബാഹുബലിയെയും ഭല്ലാലദേവനെയും ട്രെയിലറിൽ പരിചയപ്പെടുത്തുന്നുണ്ട്.
മഹിഷ്മതി രാജ്യത്തിലെ രാജകുടുംബത്തിനുള്ളിൽ നൽകിയ രണ്ട് വാഗ്ദാനങ്ങൾ മൂലമുണ്ടാകുന്ന സംഘർഷമാണ് പിന്നീട് പ്രമോയിൽ കാണിക്കുന്നത്. 'ബാഹുബലി: ദ് ബിഗിനിംഗ്', 'ബാഹുബലി: ദി കൺക്ലൂഷൻ' എന്നീ രണ്ട് ചിത്രങ്ങളിലെയും രംഗങ്ങൾ ഉൾപ്പെടുത്തി പുനർനിർമ്മിച്ച പ്രോമോ, സ്‌ക്രീനിൽ വരാനിരിക്കുന്നത് ഇതിഹാസ പോരാട്ടത്തെക്കുറിച്ചുള്ള ഒരു ഗംഭീര കാഴ്ച തന്നെയായിരിക്കുമെന്ന ഉറപ്പ് നൽകുന്നുമുണ്ട്.
3 മണിക്കൂർ 44 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചു. IMAX, 4DX, D-Box, Dolby Cinema, EPIQ എന്നിവയുൾപ്പെടെ ഒന്നിലധികം പ്രീമിയം ഫോർമാറ്റുകളിൽ സിനിമ റിലീസ് ചെയ്യും, കൂടാതെ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ലഭ്യമാകും. സെഞ്ചറി ഫിലിംസാണ് 'ബാഹുബലി - ദി എപ്പിക്' കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.